തൃശൂർ: മാലിന്യ സംസ്‌കരണത്തിന് കരുത്തേകാൻ 'ഹരിതമിത്രം' മൊബൈൽ ആപ്ളിക്കേഷൻ പദ്ധതിക്ക് തുടക്കമായി. തൃശൂർ ഉൾപ്പെടെ അഞ്ച് മുനിസിപ്പാലിറ്റികളിലും 16 പഞ്ചായത്തുകളിലുമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകർമ്മ സേനാംഗങ്ങൾ വിവരം ശേഖരിച്ച് ക്യുആർ കോഡ് നൽകും. ഇത് സ്‌കാൻ ചെയ്ത് ആപ്പ് ഉപയോഗിക്കാം.
കൊരട്ടി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ക്യു ആർ സ്റ്റിക്കർ പതിച്ച് വിവരശേഖരണം പൂർത്തിയാക്കി. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിൽ ആപ്ലിക്കേഷൻ വഴി അജൈവ മാലിന്യ ശേഖരണം ആരംഭിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ ജനങ്ങൾക്ക് ആപ്പിലൂടെ ആവശ്യപ്പെടാം. പരാതികൾ ഉന്നയിക്കാനും പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് അധികൃതരെ അറിയിക്കാനും സംവിധാനമുള്ള ആപ്പ്, പ്ളേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവരാണ് വിവരശേഖരണവും ക്യുആർ കോഡ് പതിപ്പിക്കലും നടത്തുന്നത്. 751 ഹരിത കർമ്മസേനാംഗങ്ങളെ ആപ്പ് ഉപയോഗിക്കാൻ പരിശീലിപ്പിച്ചിരുന്നു. നവകേരളം കർമ്മപദ്ധതി 2, ശുചിത്വമിഷൻ, കില എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തിപ്പ്.
ആപ്പിന്റെ ഗുണം
ഹരിതകർമസേന ശേഖരിക്കുന്ന അജൈവ വസ്തുക്കളുടെ അളവ്, സംസ്‌കരണം, മാലിന്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊതുജനങ്ങൾ, തദ്ദേശ സ്ഥാപന അദ്ധ്യക്ഷർ, അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ, സൂപ്പർവൈസർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ക്ലീൻകേരള കമ്പനി, ശുചിത്വമിഷൻ, ഹരിതകേരള മിഷൻ തുടങ്ങിയവർക്ക് ലഭിക്കും. ഓഫ് ലൈനായും ഓൺലൈനായും ഉപയോഗിക്കാം. വാർഡ് മുതൽ സംസ്ഥാനതലം വരെയുള്ള മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും കെൽട്രോൺ ആവിഷ്‌ക്കരിച്ച ആപ്പിലൂടെ കഴിയും.
കുന്നംകുളം, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റികളും താമസിയാതെ പദ്ധതി തുടങ്ങും. തദ്ദേശസ്ഥാപനങ്ങളാണ് പദ്ധതി നടത്തിപ്പിന് മുൻകൈയെടുക്കേണ്ടത്.
-രജനീഷ്,
(ശുചിത്വമിഷൻ, തൃശൂർ)