news-photo-

ഗുരുവായൂർ: ഹൈക്കോടതി ജഡ്ജിയുടെയും രജിസ്ട്രാറിന്റെയും നിർദ്ദേശത്തെ തള്ളി ഗുരുവായൂർ ക്ഷേത്രത്തിൽ കോടതിയുടെ പേരിൽ വിളക്കാഘോഷം. ജുഡീഷ്യൽ ഓഫീസർമാർ ചടങ്ങിൽ പങ്കെടുക്കരുതെന്ന നിർദ്ദേശമുണ്ടായിരുന്നെങ്കിലും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സോമരാജൻ, റിട്ട. ജസ്റ്റിസുമാരായ പത്മനാഭൻ നായർ, എൻ.കെ.ബാലകൃഷ്ണൻ, ജ്യോതീന്ദ്രനാഥ്, കേരള സ്റ്റേറ്റ് ജുഡീഷ്യറി ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റും ജില്ലാ ജഡ്ജിയുമായ ശേഷാദ്രിനാഥൻ തുടങ്ങിയവരും മറ്റ്‌ ജില്ല ജഡ്ജിമാരടക്കമുള്ള ജുഡീഷ്യൽ ഓഫീസർമാരും അഭിഭാഷകരും ക്ഷേത്രത്തിലെത്തി. ജില്ലയുടെ ചുമതലയുള്ള ജഡ്ജി ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരാണ് ഏകാദശി വിളക്കാഘോഷത്തിലെ കോടതി വിളക്ക് എന്ന പേര് ഒഴിവാക്കണമെന്ന് ഈ മാസം ഒന്നിന് നിർദ്ദേശിച്ചത്. ഇത് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജോയിന്റ് രജിസ്ട്രാർ ഹേമലത ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ജുഡീഷ്യൽ ഓഫീസർമാർ ചടങ്ങിൽ പങ്കെടുക്കരുതെന്നും നിർദ്ദേശിച്ചു. എന്നാൽ, ക്ഷേത്രത്തിന്റെ പ്രവേശന കവാടങ്ങളിലും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും കോടതി വിളക്ക് എന്ന് എഴുതിയ ബാനറുകൾ പ്രദർശിപ്പിച്ചു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികൾക്കിടെയുള്ള അനൗൺസ്‌മെന്റിലും കോടതി വിളക്ക് എന്നാണ് പറഞ്ഞത്. വിളക്കാഘോഷവുമായി ബന്ധപ്പെട്ട് യാതൊരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്നും ഇതൊരു വിധി പ്രഖ്യാപനമല്ലെന്നും അഭിഭാഷകർ പറയുന്നു. ജുഡീഷ്യൽ ഓഫീസർമാർ തമ്മിലുള്ള നിർദ്ദേശമാണ് ഉണ്ടായതെന്നും അതിനാൽ ആ നിർദ്ദേശം തങ്ങൾക്ക് ബാധകമല്ലെന്നും അഭിഭാഷകർ വ്യക്തമാക്കി.