തൃശൂർ: ഒക്ടോബർ 26ന് ഭരണ സമിതി യോഗം കഴിഞ്ഞ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുടെ തരം താഴ്ത്തൽ നടപടി മരവിപ്പിച്ചെന്ന് പത്രവാർത്ത നൽകിയവർ ജനറൽ സെക്രട്ടറിയെ വീണ്ടും ക്രൂശിക്കാനുള്ള നടപടിക്ക് ഒരുങ്ങുകയാണെന്ന് കെ.എ.യു ജനാധിപത്യ സംരക്ഷണ സമിതി ചെയർമാൻ ഡോ.പി.കെ.സുരേഷ് കുമാർ ആരോപിച്ചു. മുൻ വൈസ് ചാൻസലർ വിരമിച്ചിട്ടും, ജനാധിപത്യ വിരുദ്ധമായ നടപടി ഇപ്പോഴും തുടരുന്നത് എന്തുകൊണ്ടാണെന്ന് മറുപടി പറയാൻ ഭരണ സമിതി അംഗമായ ജനപ്രതിനിധി ബാദ്ധ്യസ്ഥനാണ്. ജനാധിപത്യപരമായി സമരം ചെയ്യുന്നവർക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാനുള്ള സർവ്വകലാശാലയുടെ സർക്കുലറിനെയും എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിക്ക് നൽകിയ അറിയിപ്പിനെയും അവജ്ഞയോടെ തള്ളിക്കളയുന്നു. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ ജീവനക്കാർക്കും അവകാശമുണ്ടെന്നിരിക്കെ അത് കാർഷിക സർവകലാശാലയിൽ നിഷേധിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം കൊണ്ട് അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.