തൃശൂർ: പ്രമേഹം തളർത്തിയ പാലക്കാട് മോയൻസ് സ്‌കൂളിലെ നാലാം ക്ളാസുകാരി ശ്രീനന്ദയ്ക്ക് ഇനി ക്ളാസ് മുറിയിൽ കുഴഞ്ഞുവീഴുമെന്ന ഭയം വേണ്ട. മകളുടെ സ്ഥിതിയോർത്ത് മാതാപിതാക്കൾക്ക് ആകുലപ്പെടേണ്ടതുമില്ല. ശ്രീനന്ദയുടെ സ്ഥിതിയറിഞ്ഞ കല്യാൺ ജുവല്ലേഴ്‌സ്, ശനിയാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി
യിൽ ആറു ലക്ഷം രൂപ നൽകി ഇൻസുലിൻ പമ്പ് ഘടിപ്പിച്ചുകൊടുത്തു. പമ്പിന്റെ പരിപാലത്തിന് പ്രതിമാസം 20,000 രൂപ വച്ച് രണ്ടു വർഷത്തേക്ക് നൽകുകയും ചെയ്യും.
പാലക്കാട് കൽപ്പാത്തി വൈദ്യനാഥപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഡ്രൈവർ സുരേഷ്‌കുമാറിന്റെയും പ്രമീളയുടെയും മകളാണ് ശ്രീനന്ദ. ആവശ്യത്തിന് ഇൻസുലിൻ ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്ന ശ്രീനന്ദയ്ക്ക് വേണ്ടത്ര ഇൻസുലിൻ നൽകാൻ മന്ത്രി വീണ ജോർജ് സംവിധാനം ഒരുക്കിയിരുന്നു. സംഗീത സംവിധായകൻ ജയചന്ദ്രന്റെയും ഗാനരചയിതാവ് ഹരിനാരായണന്റെയും ഇടപെടലാണ് അതിനു കാരണമായത്. ശ്രീനന്ദയുടെ ദയനീയാവസ്ഥ തൃശൂരിൽ ഒരു പരിപാടിക്കിടെയാണ് ഹരിനാരായണൻ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതു സംബന്ധിച്ച റിപ്പോർട്ട് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.
സ്വയം പ്രവർത്തിക്കുന്ന പമ്പ്
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് 27ലേക്ക് താഴുകയും 672നും മുകളിലേക്ക് ഉയരുകയും
ചെയ്യുന്ന ടൈപ്പ് വൺ പ്രമേഹമാണ് നാലു വയസു മുതൽ ശ്രീനന്ദയ്ക്ക്. ദിവസം എട്ടു തവണ പരിശോധിച്ച് നാലു തവണ ഇൻസുലിനെടുക്കണം. ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് സ്വയം പ്രവർത്തിക്കുന്ന പമ്പാണ് ഇപ്പോൾ ഘടിപ്പിച്ചിട്ടുള്ളത്. രാവിലെയും വൈകിട്ടും (12 മണിക്കൂർ ഇടവേളയിൽ) പരിശോധിച്ച് ഗ്ലൂക്കോസിന്റെ അളവ് പമ്പിൽ രേഖപ്പെടുത്തിയാൽ മതി.
ശ്രീനന്ദയുടെ പുഞ്ചിരി നിലനിറുത്താനുള്ള സഹായം നൽകിയതിൽ സന്തോഷമുണ്ട്. തുടർന്നും സഹായിക്കും.
ടി.എസ്. കല്യാണരാമൻ,
എം.ഡി, കല്യാൺ ജുവല്ലേഴ്‌സ്.