hub

തൃശൂർ: സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഹബ്ബായി തൃശൂർ ജില്ലയെ മാറ്റണമെന്ന് റവന്യൂമന്ത്രി കെ.രാജൻ. യുനെസ്‌കോ പഠന നഗര പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോകത്തിന് മുന്നിൽ വിദ്യാഭ്യാസത്തിന്റെ കരുത്തായി ജില്ലയെ അവതരിപ്പിക്കാൻ കഴിയണം.

വായിക്കുക, പഠിക്കുക, പഠിപ്പിക്കുക, ആഘോഷിക്കുകയെന്ന ശ്രദ്ധേയമായ മുദ്രാവാക്യമാണ് പഠനനഗരം മുന്നോട്ടു വയ്ക്കുന്നത്. വിവിധ മേഖലകളിലെ നിർമ്മാണ വൈവിദ്ധ്യം കൊണ്ടും തൃശൂർ ലോകത്തിന് മാതൃകയാണ്.
കോർപ്പറേഷന്റെ നേതൃത്വത്തിൽ കില, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അർബൻ അഫയേഴ്‌സ്, ഗവ. എൻജിനിയറിംഗ് കോളേജ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സെമിനാർ. തൃശൂർ കോർപ്പറേഷന് പുറമെ നിലമ്പൂർ മുനിസിപ്പാലിറ്റി, വാറങ്കൽ കോർപ്പറേഷൻ എന്നിവയെയാണ് യുനെസ്‌കോ ലേണിംഗ് സിറ്റിയായി തെരഞ്ഞെടുത്തിരിക്കുന്നത്. 237 അങ്കണവാടികളുടെയും 112 സ്‌കൂളുകളുടെയും 29 കോളേജുകളുടെയും 49 ആശുപത്രികളുടെയും 47 ലൈബ്രറികളുടെയും ആരോഗ്യ, അഗ്രികൾച്ചർ, വെറ്ററിനറി തുടങ്ങിയ യൂണിവേഴ്‌സിറ്റികളുടെയും കെ.എഫ്.ആർ.എ, ജോൺ മത്തായി സെന്റർ, സ്‌കൂൾ ഒഫ് ഡ്രാമ തുടങ്ങിയ പഠന സ്ഥാപനങ്ങളുടെയും പ്രവർത്തനം ഏകോപിപ്പിച്ചാണ് പഠനനഗരം പദ്ധതി വിപുലീകരിക്കുന്നത്. പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ മേയർ എം.കെ വർഗീസ് അദ്ധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ആസൂത്രണ ബോർഡ് അംഗം പ്രൊഫ.ഡോ.ജിജു പി.അലക്‌സ്, കില ഫാക്കൽറ്റി പ്രൊഫ.ഡോ.അജിത്ത് കാളിയത്ത് തുടങ്ങിയവർ പങ്കെടുത്തു.