നടത്തറ: കൃഷിയിടത്തിൽ നിന്നും കായക്കുല മോഷ്ടിച്ചയാളെ വെറുതെ വിട്ടതിനെതിരെ പരാതിയുമായി കർഷകൻ രംഗത്ത്. പൊലീസിന്റെ സഹായത്തോടെ കർഷകനെ പിടികൂടിയെങ്കിലും കേസെടുക്കാനാവില്ലെന്ന് മണ്ണുത്തി പൊലീസ് പറഞ്ഞതായി കർഷകൻ ആരോപിക്കുന്നു.
മൂർക്കനിക്കര കരിമ്പനക്കൽ വീട്ടിൽ ജയപ്രകാശാണ് പ്രദേശവാസിക്കെതിരെ മോഷണത്തിന് പരാതിപ്പെട്ടത്. മുളയം, അയപ്പൻകാവ് മേഖലയിൽ കഴിഞ്ഞ 5 വർഷമായി ഇദ്ദേഹം പാട്ടത്തിനെടുത്ത ഭൂമിയിൽ വാഴക്കൃഷി ചെയ്തുവരുന്നു. ഇതിനകം പലതവണ മോഷണം നടന്നെങ്കിലും പ്രതികളെ പറ്റി ധാരണ ഇല്ലാത്തതിനാൽ മേൽനടപടിക്ക് പോയില്ല. കായക്കുല മോഷണവുമായി ബന്ധപ്പെട്ട് പ്രതിയുടെ ബന്ധുക്കളും പൊലീസും നഷ്ടപരിഹാരവുമായി രംഗത്തെത്തിയെന്നും കർഷകൻ ആരോപിക്കുന്നു. മോഷ്ടാവിനെതിരെയും പരാതിയിൽ കേസെടുക്കാത്ത പൊലീസിനെതിരെയും നിയമനടപടിക്ക് ഒരുങ്ങുകയാണ് ജയപ്രകാശ്. മണ്ണുത്തി, നടത്തറ മേഖലകളിൽ വ്യാപകമായ കാർഷിക ഉത്പന്ന മോഷണം വർഷങ്ങളായി നടക്കുന്നുണ്ട്.