aaaaa

കാഞ്ഞാണി: കാരമുക്ക് പന്ത്രണ്ടാം വാർഡ് ലക്ഷം വീടിനുള്ളിലെ അംഗൻവാടി പുനർനിർമ്മാണത്തിന് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർവ്വകക്ഷി യോഗത്തിൽ തിരുമാനം. കേരളകൗമുദി വാർത്തയെത്തുടർന്നാണ് സർവകക്ഷി യോഗം വിളിച്ച് തിരുമാനമെടുത്തത്.

32 വർഷം പഴക്കമുള്ള അംഗൻവാടി കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതോടെ പൊളിച്ചുനീക്കിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണം എങ്ങുമെത്താത്തതിനെ തുടർന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കെട്ടിടനിർമ്മാണത്തിന് മണലൂർ എം.എൽ.എ മുരളി പെരുനെല്ലിയുടെ പ്രദേശിക ഫണ്ടിൽ നിന്ന് 15 ലക്ഷംരൂപ അനുവദിച്ചിരുന്നു. മൂന്നു വർഷമാണ് ഫണ്ടിന്റെ കാലാവധി. ഇപ്പാൾ രണ്ടുവർഷംകഴിഞ്ഞു. ഈ ഒരുവർഷത്തിനകം നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുമെന്നും ആശങ്കയുണ്ട്.

കാരമുക്ക് ഗ്രാമീണവായനശാലയിലാണ് താത്കാലികമായി അംഗൻവാടി പ്രവർത്തിക്കുന്നത്. അംഗൻവാടിയുടെ 4 സെന്റ് ഭുമിയും അതിനോട് ചേർന്നുള്ള സമീപഭൂമികളും അളന്നുതിട്ടപ്പെടുത്തണമെന്നുള്ള ആവശ്യവും അതിനുശേഷം നിർമ്മാണം ആരംഭിക്കാമെന്നുമുള്ള തീരുമാനത്തിന് സർവകക്ഷിയോഗം അംഗീകാരം നൽകി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളും അംഗൻവാടിയുടെ സമീപവാസികളും വെൽഫയർ കമ്മിറ്റി അംഗങ്ങളും വാർഡ് അംഗങ്ങളും സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തു.

സർവകക്ഷിയോഗം തീരുമാനപ്രകാരം ഇന്ന് ഭൂമി അളന്നുതിട്ടപ്പെടുത്തും. അതിനുശേഷം അംഗൻവാടി കെട്ടിടം പുനർനിർമ്മാണ പ്രവ്യത്തികൾ ആരംഭിക്കും.

- ബിന്ദു സതീശ്, വാർഡ് അംഗം