ചാലക്കുടി: അതിരപ്പിള്ളിയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട മനോജ് -സിന്ധു ദമ്പതികളെ ആക്രമിച്ച പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവരുടെ മകളെ ദേഹോപദ്രവം ഏൽപ്പിച്ച സി.ഐയെ സസ്‌പെന്റ് ചെയ്യണമെന്നും കെ.പി.എം.എസ് ചാലക്കുടി ഏരിയ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വഴിയോര കച്ചവടം സംബന്ധിച്ച രണ്ടു കൂട്ടരുമായുണ്ടായ തർക്കം ഒക്ടോബർ 17നാണ് അടിപിടിയിൽ കലാശിച്ചത്. സിന്ധുവിന് മാരക പരിക്കേറ്റിരുന്നു. എന്നാൽ ഭർത്താവിന്റെ പേരിലാണ് വധശ്രമത്തിന് അതിരപ്പിള്ളി പൊലീസ് കേസെടുത്തത്. മാത്രമല്ല നവംബർ 2ന് തങ്ങൾ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ നിന്നും ഭർത്താവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് നിയമ വിദ്യാർത്ഥിനിയായ മകളെ അപമാനിച്ചെന്നും സിന്ധു വ്യക്തമാക്കി. പൊലീസിനെതിരെ നടപടിയുണ്ടായെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. സംസ്ഥാന അസി. സെക്രട്ടറി ലോജനൻ അമ്പാട്ട്, ചാലക്കുടി ഏരിയ പ്രസിഡന്റ് ടി.കെ. അനിരുദ്ധൻ, രാജേഷ് കങ്ങാടൻ, പരാതിക്കാരി സിന്ധു എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.