 
കൊടുങ്ങല്ലൂർ: സ്‌കൂളിനു മുമ്പിൽ സ്ലാബില്ലാതെ തുറന്നു കിടക്കുന്ന കാന അപകട ഭീഷണിയാകുന്നു. പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് മുമ്പിലുള്ള സംസ്ഥാന പാതയിലാണ് മൂടിയില്ലാതെ കാന തുറന്നു കിടക്കുന്നത്.
ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗത്തിലായി ഇവിടെ 500ലേറെ കുട്ടികളാണ് പഠിക്കാനെത്തുന്നത്. കാന തുറന്നു കിടക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് അപകട ഭീഷണിയുണ്ട്. റോഡ് നിർമാണം നടക്കുന്നതിന്റെ ഭാഗമായി ഇവിടെ കലുങ്ക് പുനർനിർമ്മിച്ചിരുന്നു. ഇതിന്റെ ഇരുവശവും തുറന്നു കിടക്കുന്നത് മൂലം മാലിന്യവും കെട്ടിക്കിടക്കുന്നുണ്ട്.
സ്‌കൂൾ കിണറിലെ വെള്ളം മലിനമാകാനും ഇതുമൂലം സാദ്ധ്യതയുണ്ട്. ഇരു വശത്തെയും ബസ് സ്റ്റോപ്പുകളിൽ നിൽക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കാനയിലേക്ക് വീഴാനും സാദ്ധ്യതയുണ്ട്. എത്രയും വേഗം കാന സ്ലാബിട്ട് മൂടി കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് സ്‌കൂൾ പി.ടി.എ യോഗം ആവശ്യപ്പെട്ടു. പി.ടി.എ പ്രസിഡന്റ് ടി.എ. നൗഷാദ് അദ്ധ്യക്ഷനായി.