അരിമ്പൂർ: ഗവ. യു.പി. സ്‌കൂളിനു മുന്നിലെ റോഡരികിൽ നടപ്പാത തടസപ്പെടുത്തി വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുവെന്ന പരാതിയെ തുടർന്ന് മോട്ടോർവാഹന വകുപ്പ് അധികൃതരെത്തി പരിശോധന നടത്തുകയും പിഴ ഈടാക്കി താക്കീത് ചെയ്യുകയും ചെയ്തു. അനധികൃതമായി വലിയ വാഹനങ്ങൾ നിറുത്തിയിടുന്നത് മൂലം കുട്ടികളും രക്ഷിതാക്കളും ദുരിതത്തിലായതായി പരാതി ഉയർന്നിരുന്നു. ഇതിന് പരിഹാരം കാണാനായാണ് റോഡ് സേഫ്ടി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
മുന്നറിയിപ്പ് ബോർഡുകളും സീബ്രാലൈനും ഉണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് റോഡിലേക്ക് തള്ളിനിൽക്കുംവിധം വലിയ വാഹനങ്ങളടക്കം ഇവിടെ പാർക്ക് ചെയുന്നത്. ഇതുമൂലം തിരക്കുള്ള സമയങ്ങളിൽ റോഡിൽ നിന്ന് താഴെയിറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കും. സ്‌കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന രണ്ട് വലിയ വാഹനങ്ങൾക്ക് പിഴയീടാക്കി. സ്‌കൂൾ സമയങ്ങളിൽ ഓടാൻ അനുവാദമില്ലാത്തതിനാൽ ഒതുക്കിയിട്ടതാണ് എന്നായിരുന്നു ഡ്രൈവർമാരുടെ മറുപടി. എന്നാൽ സ്‌കൂൾ പരിസരത്ത് പാതയോരം തടസപ്പെടുത്തി കാഴ്ച മറയ്ക്കുന്ന രീതിയിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും റോഡ് സേഫ്ടി എൻഫോഴ്‌സ്‌മെന്റ് അധികൃതർ നിർദ്ദേശിച്ചു.
സ്‌കൂൾ എച്ച്.എം: വി. ഉഷാകുമാരി, അദ്ധ്യാപകൻ ഒ.കെ. ഷൈജു, പി.ടി.എ. പ്രസിഡന്റ് ടി.പി. ഷിജു എന്നിവരുമായി ഉദ്യോഗസ്ഥർ വിഷയങ്ങൾ ചർച്ച ചെയ്തു. വിദ്യാലയ പരിസരത്ത് അനധികൃതമായി വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ തുടർനടപടികൾ ആവശ്യപ്പെട്ടുള്ള അദ്ധ്യ പകരുടെയും പി.ടി.എയുടെയും നിവേദനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രധാന അദ്ധ്യാപിക കൈമാറി. എം.എം.വി.ഐമാരായ മാത്യു വർഗീസ്, വി.ബി. സനീഷ്, സന്തോഷ് കുമാർ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.