
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയുടെ ഭാഗമായി ഇന്നലെ ഗുരുവായൂരിലെ വ്യാപാരികളുടെ വിളക്കാഘോഷം. ക്ഷേത്രത്തിൽ രാവിലെ കാഴ്ചശീവേലിക്ക് പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയായി. ഉച്ചതിരിഞ്ഞ് നടന്ന കാഴ്ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും ചോറ്റാനിക്കര സുഭാഷ് മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അമ്പടിയായി. സന്ധ്യക്ക് ദീപാരാധനയ്ക്ക് ശേഷം കാർത്തിക് മാരാരുടെ തായമ്പകയുമുണ്ടായി. ദീപാരാധനയ്ക്ക് ശേഷം ദീപസ്തംഭത്തിന് മുന്നിൽ നാണയപ്പറ സമർപ്പണവുമുണ്ടായി. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ജ്യോതിദാസ് ഗുരുവായൂരിന്റെ അഷ്ടപദിയോടെ കലാപരിപാടികൾക്ക് തുടക്കമായി. പോരൂർ ഉണ്ണിക്കൃഷ്ണൻ, കൽപ്പാത്തി ബാലകൃഷ്ണൻ എന്നിവരുടെ ഡബിൾ തായമ്പക, വ്യാപാരികളുടെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവയും വൈകീട്ട് സമ്പ്രദായ ഭജന, മധുബാലകൃഷ്ണന്റെ ഭക്തിഗാനമേള എന്നിവയും നടന്നു. ക്ഷേത്രത്തിൽ ഇന്ന് പോസ്റ്റൽ ജീവനക്കാരുടെ വിളക്കാഘോഷം നടക്കും.