
തൃശൂർ : രണ്ട് റെക്കാഡുകൾ പിറന്ന സംസ്ഥാന സ്‌കൂൾ നീന്തൽ ചാമ്പ്യൻഷിപ്പ് ആദ്യദിനത്തിൽ 261 പോയിന്റോടെ തിരുവനന്തപുരത്തിന്റെ കുതിപ്പ്. 31 സ്വർണവും 19 വെള്ളിയും 19 വെങ്കലവും നേടി ബഹുദൂരം മുന്നിലാണ് തിരുവനന്തപുരം. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 49 പോയിന്റ് മാത്രമാണുള്ളത്.
മൂന്ന് സ്വർണ്ണം, ആറ് വെള്ളി, അഞ്ച് വെങ്കലം എന്നിവയാണ് എറണാകുളം കരസ്ഥമാക്കിയത്. സീനിയർ ബോയ്‌സ് ബാക്ക്‌സ്‌ട്രോക്കിൽ തൃശൂർ മോഡൽ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി പി.ജെ ധനുഷ്, ജൂനിയർ ബോയ്‌സ് ബാക്ക്‌സ്‌ട്രോക്കിൽ കളമശേരി എച്ച്.എസ്.എസിലെ എസ്.അഭിനവ് എന്നിവരാണ് പുതിയ റെക്കാഡുകൾ കുറിച്ചത്. ഒരു സ്വർണവും നാലു വെള്ളിയും ഒരു വെങ്കലവും നേടി 24 പോയിന്റോടെ അതിഥേയരായ തൃശൂരാണ് മൂന്നാമത്. സ്കൂളുകളിലും തിരുവനന്തപുരത്തിന്റെ മുന്നേറ്റമാണ്. സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായി ആദ്യദിനം 36 ഇനങ്ങളിൽ മത്സരം അരങ്ങേറി. കൊവിഡ് അടച്ചുപൂട്ടലിന് ശേഷം ആദ്യമായാണ് സംസ്ഥാന നീന്തൽ പുനരാരംഭിച്ചത്. 14 ജില്ലകളിൽ നിന്ന് രണ്ടായിരത്തോളം നീന്തൽ താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ സാംബശിവൻ അദ്ധ്യക്ഷനായി. സംസ്ഥാന സ്‌കൂൾ സ്‌പോർട്‌സ് ഓർഗനൈസർ ഹരീഷ് ശങ്കർ മുഖ്യാതിഥിയായി. എ.എസ് മിഥുൻ, പി.അലോഷ്യസ് എന്നിവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പ് ബുധനാഴ്ച വൈകിട്ട് സമാപിക്കും.
പോയിന്റ് നില
തിരുവനന്തപുരം 261
എറണാകുളം 49
തൃശൂർ 24
പാലക്കാട് 22
കോട്ടയം 18
കോഴിക്കോട് 4
സ്‌കൂളുകളിൽ കണിയാകുളങ്ങര
കണിയാകുളങ്ങര ഗവ.ഗേൾസ് എച്ച്.എസ്.എസ് തിരുവനന്തപുരം 33
തിരുവനന്തപുരം എം.വി.എച്ച്.എസ്.എസ് തുണ്ടത്തിൽ 28
വെമ്പായം ഗവ.എച്ച്.എസ്.എസ് നെടുവേലി 23
തിരുവനന്തപുരം ഗവ.എച്ച്.എസ്.എസ് പിരപ്പൻകോട് 20
കളമശേരി ഗവ.എച്ച്.എസ്.എസ് കളമശേരി 20.