കൊടുങ്ങല്ലൂർ: കോടതി വളപ്പിലെ ശൗചാലയങ്ങൾ ഉപയോഗശൂന്യമായും പരിസരം വൃത്തിഹീനമായി കിടക്കുന്നതായും പരാതി. വിവരവകാശ പ്രവർത്തകനായ എം.എസ്. ജോഷിയാണ് കൊടുങ്ങല്ലൂർ മുൻസിഫിന് പരാതി നൽകിയത്. കൊടുങ്ങല്ലൂർ കോടതി വളപ്പിൽ മുൻസിഫ്, മജിസ്‌ട്രേറ്റ് എന്നീ രണ്ട് കോടതികളാണുള്ളത്. കേസിനും മറ്റുമായി നിരവധി പേരാണ് കോടതികളിലെത്തുന്നത്. ഇവിടെ രണ്ട് ശുചിമുറികളാണ് നിർമ്മിച്ചിട്ടുള്ളത്. എന്നാൽ ഇവ ഉപയോഗശൂന്യമാകുകയും അടച്ചുപൂട്ടിയ നിലയിലുമാണെന്നാണ് ആരോപണം. അതിനാൽ കോടതികളിലെത്തുന്നവക്ക് പ്രാഥമികകൃത്യം നിർവഹിക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. കൂടാതെ കോടതി വളപ്പിൽ ചപ്പുചവറുകൾ നിറഞ്ഞ് മാലിന്യ കൂമ്പാരമായതായും പറയുന്നു. ഇക്കാര്യങ്ങളിൽ അടിയന്തരമായി പരിഹാരം കാണണമെന്നാണ് പരാതിയിൽ പറയുന്നത്.