മാള: മാള - അന്നമനട പി.ഡബ്ല്യു.ഡി റോഡിലെ പുറമ്പോക്ക് കൈയ്യേറ്റം കണ്ടുപിടിക്കാനും അവ രേഖാമൂലം തിട്ടപ്പെടുത്തുന്നതിനുള്ള സർവേ നടപടി ആരംഭിച്ചു. ഇതിനായി സെക്കൻഡ് ഗ്രേഡ് സർവേയറെ ജില്ലാ സർവേയറുടെ ഓഫീസിൽ നിന്നും നിയോഗിച്ചു. മാള ടൗണിൽ നിന്നാണ് സർവേ ആരംഭിക്കുക.

റോഡിലെ പുറമ്പോക്ക് ഭൂമിയിലെ കൈയ്യേറ്റം കണ്ടെത്തി അതിരടയാളങ്ങൾ സ്ഥാപിക്കുന്നതോടെ പിന്നീട് വരുന്ന റോഡ് വികസനം എളുപ്പമാകും. വീതികുറവുള്ള റോഡിന്റെ വശങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യണമെന്ന് ജനങ്ങളുടെ

ഏറെനാളത്തെ ആവശ്യമാണ്. വാഹനക്കുരുക്കിൽ ശ്വാസംമുട്ടുന്ന പോസ്റ്റ് ഓഫീസ് റോഡിലെ ഗതാഗതം സുഗമമാക്കാനും മാളയിൽ നിന്ന് വാഹനങ്ങൾക്ക് ബ്ലോക്കില്ലാതെ അന്നമനടയിലെത്താനും ഇതുവഴി സാധിക്കും.

ടൗൺ വികസനത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് റോഡിന്റെ വീതി കൂട്ടുന്നതിനായി ഇക്കൊല്ലത്തെ ബഡ്ജറ്റിൽ പത്ത് കോടിയും നീക്കിവച്ചിട്ടുണ്ട്. പി.ഡബ്ല്യു.ഡി റോഡിൽ കൈയ്യേറ്റമുണ്ടോ എന്നു തിട്ടപ്പെടുത്തിയതിനു ശേഷം മാത്രമേ വീതികൂട്ടുന്നതു സംബന്ധിച്ച നടപടി ആരംഭിക്കൂ. സർവേ പൂർത്തീകരിച്ച് സ്‌കെച്ചുകൾ പി.ഡബ്ല്യു.ഡിക്ക് കൈമാറുന്നതോടെ കൈയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടി ആരംഭിക്കും. ഇതിനായി 40,000 രൂപയും വകയിരിത്തിയിട്ടുണ്ട്.