ഒരുകൈ സഹായമില്ലാതെ...
ചാലക്കുടി കോടതി സമുച്ചയത്തിന്റെ നിർമ്മാണം നടക്കുന്ന സ്ഥലം സന്ദർശിച്ചശേഷം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ താഴേയ്ക്കിറങ്ങുന്നു. നഗരസഭാ കൗൺസിലർ അഡ്വ. ബിജു ചിറയത്ത് സമീപം.
ചാലക്കുടി: ചാലക്കുടിയിലെ കോടതി സമുച്ചയത്തിന്റെ നിർമ്മാണം നീളുന്നതിൽ അവലോകന യോഗത്തിൽ ക്ഷുഭിതനായി എം.എൽ.എ ടി.ജെ. സനീഷ്‌കുമാർ. കഴിഞ്ഞ ആഗസ്റ്റ് 18ൽ പൂർത്തിയാക്കേണ്ട കെട്ടിടത്തിന്റെ നിർമ്മാണം മുപ്പത്തിയഞ്ച് ശതമാനത്തിൽ എത്തി നിൽക്കുന്നതാണ് എം.എൽ.എയെ ചൊടിപ്പിച്ചത്. കെട്ടിടത്തിന്റെ ഡിസൈൻ ലഭിക്കാത്തതിനാൽ ഒന്നാംനിലയുടെ നിർമ്മാണം തുടങ്ങാൻ കഴിയുന്നില്ലെന്ന് കരാറുകാരൻ യോഗത്തിൽ വ്യക്തമാക്കി. തിരുവനന്തപുരത്തെ പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസിലെ തിരക്ക് കാരണമാണ് ഡിസൈൻ ലഭിക്കാൻ കാലതാമസം നേരിട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റുവാൻ അനുമതിയും യഥാസമയം ലഭിച്ചില്ല. ഇക്കാര്യത്തിൽ എല്ലാവർക്കും ജാഗ്രതക്കുറവുണ്ടായെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. അടുത്ത ജൂൺ മാസത്തിൽ ഏഴുനില കെട്ടിടത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് എം.എൽ.എ നിർദ്ദേശം നൽകി. എക്‌സിക്യൂട്ടീവ് എൻജിനീയർ പി.വി. ബിജി, എ.എക്‌സ്.സി ബേസിൽ ചെറിയാൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് എം.ഡി. ഷാജു, സെക്രട്ടറി സുനിൽ മാളക്കാരൻ, അഡ്വ. ബിജു ചിറയത്ത് എന്നിവർ റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. തുടർന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ സംഘം നിർമ്മാണ സ്ഥലവും സന്ദർശിച്ചു.
കെട്ടിട സമുച്ചയം
ഗ്രൗണ്ട് ഫ്‌ളോർ ഉൾപ്പടെ-7നില.
അനുവദിച്ചത്-10 കോടി.
നിലവിൽ നിർമാണത്തിന് (സ്ട്രക്ച്ചർ മാത്രം) ആവശ്യം-8 കോടി.
സുരക്ഷാ ക്രമീകരണം ഉൾപ്പടെ രണ്ടാംഘട്ട
നിർമ്മാണത്തിന് ഇനിയും വേണ്ടി വരുന്നത്. ഏകദേശം-7.5 കോടി