സവർണ സംവരണം നടപ്പാക്കുന്നുവെന്ന് ആരോപിച്ച് കൊടുങ്ങല്ലൂരിൽ സംവരണ സമുദായ മുന്നണി നടത്തിയ പ്രതിഷേധം.
കൊടുങ്ങല്ലൂർ: വലതുപക്ഷവും ഇടതുപക്ഷവും ഭരണകൂടങ്ങളും ജുഡീഷ്യറിയും ചേർന്ന് ഇന്ത്യൻ ഭരണഘടന അട്ടിമറിച്ച് രാജ്യത്ത് സവർണ സംവരണം നടപ്പാക്കുന്നുവെന്ന് ആരോപിച്ച് സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തിൽ ജാതി ഭീകരന്റെ കോലം കത്തിച്ചു.
സംവരണ വിഷയത്തിൽ ഭൂരിപക്ഷം വരുന്ന കീഴാളരുടെ പ്രതീക്ഷയായിരുന്ന ജുഡീഷ്യറിയും കൈവിട്ട സാഹചര്യത്തിൽ ജനകീയ പ്രക്ഷോഭമില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സവർണ സംവരണത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനും യോഗം തീരുമാനിച്ചു. തൃശൂർ എസ്.എൻ.ഡി.പി യൂണിയൻ മുൻ സെക്രട്ടറിയും വിമോചന സമിതി സംസ്ഥാന പ്രസിഡന്റുമായ പി.എൻ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. പി.വി. സജീവ് കുമാർ അദ്ധ്യക്ഷനായി. അഡ്വ. അനൂപ് കുമാരൻ, സിദ്ദീഖ്, പി.സി. മോഹനൻ ഇരിങ്ങാലക്കുട, വി.ഐ. ശിവരാമൻ, ടി.കെ. ഗംഗാധരൻ, പി.കെ. മുരുകൻ, എൻ.ബി. അജിതൻ എന്നിവർ സംസാരിച്ചു.