തൃശൂർ: മാദ്ധ്യമങ്ങളെ വിളിച്ചു വരുത്തി കടക്കൂ പുറത്തെന്നു പറഞ്ഞ ഗവർണർ മാപ്പ് പറഞ്ഞില്ലെങ്കിൽ തിരിച്ചുവിളിക്കാൻ രാഷ്ട്രപതി തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. മാദ്ധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നിലപാടിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാദ്ധ്യമപ്രവർത്തകർ തൃശൂരിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.യു.ഡബ്ല്യൂ.ജെ ജില്ലാ പ്രസിഡന്റ് ഒ. രാധിക അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി പി.ആർ. റിസിയ, മുതിർന്ന പത്രപ്രവർത്തകൻ എൻ. ശ്രീകുമാർ, ട്രഷറർ കെ. ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി പോൾ മാത്യു സ്വാഗതവും എക്‌സിക്യൂട്ടിവ് അംഗം രമേശൻ പിലിക്കോട് നന്ദിയും പറഞ്ഞു. തൃശൂർ പ്രസ് ക്ലബിൽ നിന്നാരംഭിച്ച പ്രകടനം കോർപറേഷൻ ഓഫീസിനുമുമ്പിൽ സമാപിച്ചു.