പാവറട്ടി: പെരുവല്ലൂർ പരപ്പുഴപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി പരപ്പുഴയിൽ നിർമ്മിച്ച താല്കാലിക റോഡ് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ തള്ളിയത് പരപ്പുഴ- പേനകം റോഡ് നടപ്പാതയിൽ ദുരിതമാകുന്നു. നിരവധി വാഹനങ്ങൾ പോകുന്ന പറപ്പൂർ- പൂവത്തൂർ റോഡിൽ ഇതുമൂലം കാൽ നടയാത്ര പോലും ഏറെ ബുദ്ധിമുട്ടാകുന്നു. റോഡരികിൽ പാലം നിർമ്മാണത്തിന്റെ അവശിഷങ്ങൾ ഇട്ടതു മൂലം നടക്കാൻ സാധിക്കുന്നില്ല. പാലത്തിനു സമീപത്തുള്ള കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പേനകം റോഡിൽ ബസിറങ്ങി കോളേജിലേക്ക് നടക്കാൻ പ്രയാസപ്പെടുകയാണ്.ഏകദേശം നാലടിയോളം ഉയരത്തിലാണ് ഇവിടെ മണ്ണ് ഇട്ടിരിക്കുന്നത്. മൺതിട്ടയിൽ ഇപ്പോൾ പുല്ല് വളർന്ന് നിൽക്കുന്നതിനാൽ മണൽത്തിട്ട കാണാനാകുന്നില്ല. പൊതുമരാമത്ത് വകുപ്പ് റോഡിന്റെ നടപ്പാതയിൽ നിക്ഷേപിച്ച കല്ലും മണ്ണും ഉടൻ നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.