തൃശൂർ: സംസ്ഥാന സ്‌കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ മറ്റ് ജില്ലകളെ നിഷ്‌പ്രഭരാക്കി തലസ്ഥാനത്തിന്റെ കുതുപ്പ്. രണ്ടാം ദിനത്തിൽ പിറന്നത് ആറു റെക്കാഡുകൾ. 42 സ്വർണവും 29 വെള്ളിയും 25 വെങ്കലവുമടക്കം 352 പോയിന്റ് നേടിയാണ് തിരുവനന്തപുരത്തിന്റെ നീന്തൽ കുളത്തിലെ ആധിപത്യം തുടരുന്നത്.
അഞ്ചു സ്വർണവും ഏഴു വെള്ളിയും ഏഴു വെങ്കലവും അടക്കം 64 പോയിന്റ് നേടി എറണാകുളം രണ്ടാം സ്ഥാനത്തും രണ്ടു സ്വർണവും നാലു വെള്ളിയും മൂന്നു വെങ്കലവും അടക്കം 31 പോയിന്റ് നേടി ആതിഥേയ ജില്ലയായ തൃശൂർ മൂന്നാം സ്ഥാനത്തുമാണ്. പാലക്കാട് (29), കോട്ടയം (24) എന്നീ ജില്ലകൾ നാലും അഞ്ചുംസ്ഥാനത്തുണ്ട്. കളമശേരി ഗവ. എച്ച്.എസ്.എസിലെ എസ്. അഭിനവ് ട്രിപ്പിൽ റെക്കാഡ് സ്വർണം നേടി.
തൃശൂർ ഗവ. മോഡൽ ബോയ്‌സിലെ പി.ജെ. ധനുഷ്, തിരുവനന്തപുരം തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിലെ മോൻഗം യാഗ്‌ന എന്നിവർ ഇരട്ട റെക്കാഡ് നേട്ടം കൈവരിച്ചു.
തിരുവനന്തപുരം തിരുവല്ലം എച്ച്.എസ്.എസിലെ ആദിത്യൻ എസ്.എസ്. നായരും റെക്കാഡോടെ സ്വർണം നേടി. ജൂനിയർ വിഭാഗം 100, 200 മീറ്റർ ബാക്ക് സ്‌ട്രോക്ക്, 200 മീറ്റർ ഇൻഡിവിജ്വൽ മെഡ്‌ലേ ഇനങ്ങളിൽ മത്സരിച്ചാണ് അഭിനവ് ഹാട്രിക്ക് റെക്കാഡ് കരസ്ഥമാക്കിയത്.
400 മീറ്റർ ഫ്രീസ്‌റ്റൈൽ, 200 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്ക് എന്നീ ഇനങ്ങളിലാണ് മോൻഗം യാഗ്‌ന ഇരട്ട റെക്കോഡിട്ടത്. പി.ജെ. ധനുഷ് 100, 200 മീറ്റർ ബാക്ക് സ്‌ട്രോക്കിൽ നിന്നാണ് ഇരട്ട റെക്കാഡ് നേടിയത്. ആദിത്യൻ എസ്.എസ് നായർ 200 മീറ്റർ ബട്ടർ ഫ്‌ളൈ സ്‌ട്രോക്കിൽ സ്വർണം നേടി.
സ്‌കൂൾ വിഭാഗത്തിൽ തിരുവനന്തപുരം കണ്യാർകുളങ്ങര ഗവ. ഗേൾസ് എച്ച്.എസ്.എസാണ് ഒന്നാം സ്ഥാനത്ത്. ഏഴു സ്വർണവും അഞ്ചു വെള്ളിയും അഞ്ചു വെങ്കലവും അടക്കം 55 പോയിന്റ് കണ്യാർകുളങ്ങര ഗവ. ഗേൾസ് സ്‌കൂൾ സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസിന് ഏഴു സ്വർണവും ഒരു വെള്ളിയുമടക്കം 38 പോയിന്റുണ്ട്.
തിരുവനന്തപുരം വെമ്പായം നെടുവേലി കോഞ്ചിറ ഗവ. എച്ച്.എസ്.എസാണ് മൂന്നാംസ്ഥാനത്ത്. രണ്ടു സ്വർണവും ഏഴു വെള്ളിയുമടക്കം 31 പോയിന്റ് അവർ നേടി. നാലു സ്വർണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമടക്കം 31 പോയിന്റുള്ള പിരപ്പൻകോട് ഗവ. വി.എച്ച്.എസ്.എസ് നാലാംസ്ഥാനത്തും മൂന്നു സ്വർണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവുമടക്കം 27 പോയിന്റുള്ള കളമശേരി ഗവ. എച്ച്.എസ്.എസ് അഞ്ചാം സ്ഥാനത്തുമുണ്ട്.
തൃശൂർ: സംസ്ഥാന സ്‌കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ രണ്ടാം ദിനത്തിൽ ഇരട്ട റെക്കാഡ് നേട്ടവുമായി മൂന്നു പേർ. തിരുവനന്തപുരം എം.വി.എച്ച്.എസ് മോഹ്നം യാഗ്‌ന സായി, തിരുവല്ലം ബി.എൻ.വി.വി ആൻഡ് എച്ച്.എസ്.എസ് സ്കൂളിലെ ആദിത്യൻ, കളമശേരി ഗവ. എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസിലെ അഭിനവ് എന്നിവരാണ് ഇരട്ട റെക്കാഡുകൾ സ്വന്തമാക്കിയത്.
മോഹ്നം യാഗ്‌ന സായി 400 ഫ്രീസ്‌റ്റൈൽ, 200 ബട്ടർഫ്‌ളൈ സ്ട്രോക്കിലും ആദിത്യൻ 100 മീറ്റർ ബാക്ക് സ്ട്രോക്കിലും 200 മീറ്റർ ബട്ടർ ഫ്‌ളൈ സ്ട്രോക്കിലും അഭിനവ് 100 മീറ്റർ ബാക്ക് സ്ട്രോക്കിലും 200 മീറ്റർ ബാക്ക് സ്ട്രോക്കിലുമാണ് റെക്കാഡ് നേട്ടം കൈവരിച്ചത്.
തൃശൂർ: സംസ്ഥാന സ്‌കൂൾ നീന്തൽ മത്സരത്തിൽ ഇരട്ട റെക്കാഡുമായി ധനുഷ്. ആദ്യ ദിനത്തിൽ 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ റെക്കാഡ് സ്ഥാപിച്ച തൃശൂർ മോഡൽ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ധനുഷ് ഇന്നലെ 200 മീറ്ററിലും ചരിത്രം കുറിച്ചു. രണ്ട് മിനിറ്റ് 10 സെക്കന്റിനുള്ളിൽ നീന്തിക്കയറിയാണ് മീറ്റ് റെക്കാഡിട്ടത്.
കളമശേരിയിൽ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ചെറുപ്പം മുതൽ നീന്തൽ പരിശീലനം ആരംഭിച്ച ധനുഷ് നിരവധിതവണ സ്‌കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ ദേശീയതലത്തിൽ സ്വർണം നേടിയിട്ടുണ്ട്. റെയിൽവേയിൽ ടി.ടി.ആറായ സഹോദരൻ ജഗന്നാഥൻ ദേശീയ താരാമായിരുന്നു.
ജഗന്നാഥൻ ബ്രസ്റ്റ് സ്ട്രോക്കിലായിരുന്നു തിളങ്ങിയിരുന്നത്. കളമശേരിയിൽ ചുമട്ടുതൊഴിലാളിയായ ജിനീഷിന്റെയും ജയലക്ഷ്മിയുടെയും മകനാണ് ധനുഷ്.