 
തൃശൂർ: ലോഡ്ജ് മുറിയിൽ രാത്രിയിലുണ്ടായ തീപിടിത്തത്തിൽ ഉപകരണങ്ങൾ കത്തിനശിച്ചെങ്കിലും ഉടൻ രക്ഷാപ്രവർത്തനം നടത്തിയതിനാൽ ദുരന്തം ഒഴിവായി. കിഴക്കെക്കോട്ടയിൽ ജൂബിലി മിഷൻ ആശുപത്രിക്ക് സമീപമുള്ള റസിഡൻസിയിലെ മുറിയിലെ എ.സി ഷോർട്ട് സർക്യൂട്ടിലാണ് ബുധനാഴ്ച പുലർച്ചെ 2.40 ഓടെ തീപിടിത്തമുണ്ടായത്.
റൂമിലെ രണ്ട് കട്ടിലുകൾ, എ.സി, ടി.വി, ജനൽ കർട്ടനുകൾ, ഫാൻ എന്നിവ കത്തിനശിച്ചു. കടുത്ത പുക ഉയർന്നതിനെ തുടർന്ന് താമസക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
ഒരു മുറിയിൽ നിന്നുള്ള തീ മൂന്നാം നിലയിലേക്കും പടർന്നു. രണ്ട് മണിക്കൂറോളം രക്ഷാപ്രവർത്തനം നീണ്ടു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രഘുനാഥൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ജ്യോതികുമാർ, റെസ്‌ക്യൂ ഓഫീസർമാരായ വി.രമേശ്, പി.എം മഹേഷ്, കെ.പ്രകാശൻ, ടി.ബി സതീഷ്, രഞ്ജിത് പാപ്പച്ചൻ, സുധീഷ്, ഹോം ഗാർഡുമാരായ ടി.എം ഷാജു, ശിവദാസൻ എന്നിവർ നേതൃത്വം നൽകി.