kolazhai

കോലഴിയിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന ടോറസ് ലോറികൾ.

തൃശൂർ: ടോറസ്, ടിപ്പർ ലോറികളുടെ അനധികൃത പാർക്കിംഗ് അപകട ഭീഷണി ഉയർത്തുന്നു. തൃശൂർ -ഷൊർണൂർ സംസ്ഥാന പാതയിൽ കോലഴിക്കും തിരൂരിനും ഇടയിലാണ് പകൽ സമയങ്ങളിൽ അനധികൃതമായി ടോറസ് ലോറികളും മറ്റും പാർക്ക് ചെയ്തിരിക്കുന്നത്. റോഡിലേക്ക് കയറ്റി പാർക്ക് ചെയ്യുന്നത് മൂലം പലപ്പോഴും എതിരെ വരുന്ന വാഹനങ്ങൾ കാണാൻ പോലും സാധിക്കാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കുമാണ് ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. സ്‌കൂൾ സമയങ്ങളിൽ രാവിലെ എട്ടര മുതൽ ഒമ്പതര വരെ ടിപ്പർ ലോറികൾ നിരത്തിലിറങ്ങരുതെന്ന് നിബന്ധനയുണ്ട്. ഇതിന്റെ മറവിൽ കരിങ്കലും മറ്റും കയറ്റിയ ലോറികളും ഇവിടെ ഗതാഗത തടസം സൃഷ്ടിച്ച് കൊണ്ടിടുന്നതും പതിവാണെന്നും പരാതിയുണ്ട്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.