തൃശൂർ: കോർപ്പറേഷനിലെ താത്കാലിക നിയമനങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലിൽ പ്രതിപക്ഷ ബഹളം. കോൺഗ്രസ് അംഗങ്ങൾ ബാനറുമായി നടുത്തളത്തിലിറങ്ങിയപ്പോൾ ബി.ജെ.പി അംഗങ്ങൾ വായമുടിക്കെട്ടി പ്രതിഷേധിച്ചു. യു.ഡി.എഫും താത്കാലിക നിയമനത്തിനു ശുപാർശ നൽകിയിരുന്നതായി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജനും അനൂപ് ഡേവിസ് കാടയും ചൂണ്ടിക്കാട്ടി. എന്നാൽ അവരുടെ പേരുകൾ വെളിപ്പെടുത്താൻ പ്രതിപക്ഷം വെല്ലുവിളിച്ചു. താത്കാലിക നിയമനങ്ങൾ വിജിലൻസ് അന്വേഷിക്കുന്നതിനെ എതിർക്കില്ലെന്നും ഷാജൻ വ്യക്തമാക്കി. സേവന ഉപനികുതിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് നഗരാസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു. പട്ടാളം റോഡ് വികസനത്തിനു മാരിയമ്മൻ കോവിൽ ക്ഷേത്രത്തിനു ഭൂമി വിട്ടുകൊടുത്ത സ്ഥലത്ത് അനധികൃത പരസ്യംവയ്ക്കാൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ടയിൽ ഭരണപക്ഷാംഗം സി.പി.പോളി വിയോജിച്ചു. പരാതി നൽകിയ മുകേഷിനെ വിമർശിച്ച ഭരണപക്ഷ നിലപാടിനെ പോളി ചോദ്യം ചെയ്തു. ഇ.വി. സുനിൽരാജ്, വർഗീസ് കണ്ടംകുളത്തി, എൻ. പ്രസാദ്, ഡോ. ആതിര എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
വഞ്ചിക്കുളം വിഷയത്തിൽ ഭരണപക്ഷത്ത് വിള്ളൽ
വഞ്ചിക്കുളം ടൂറിസ്റ്റ് കേന്ദ്രത്തിൽ വൈദ്യുതിക്കാലുകളിൽ വിളക്ക് സ്ഥാപിച്ച് മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സീറോ ഡിഗ്രി സ്ഥാപനത്തിന്റെ താത്പര്യപത്രം അജണ്ട മാറ്റിവച്ചു. പ്രതിപക്ഷം നടപടി ചോദ്യംചെയ്തതോടെയാണെന്ന് ഭരണപക്ഷത്തെ വേർതിരിവ് പ്രകടമായത്. ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ച കാൻഡെല എൻജിനിയറിംഗ് കൺസ്ട്രക്ഷൻ കമ്പനിക്ക് റീടെൻഷൻ തുക തിരികെ നൽകാനുള്ള അപേക്ഷ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ടയിലെ മേയറുടെ കുറിപ്പിനെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ ബാബു പരിഹസിച്ചു. വ്യാജ ഒപ്പുവച്ചാണ് ആലോചനായോഗം നടത്തിയതായി മിനിറ്റ്‌സ് തയാറാക്കിയതെന്ന് കെ. രാമനാഥൻ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാനാകില്ലെന്നും ബന്ധപ്പെട്ടവരുടെ സമ്പൂർണയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.
താത്കാലികക്കാരെ പിരിച്ചുവിട്ട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണം. വിരമിച്ച ജീവനക്കാരനെ മേയറുടെ ഓഫീസിൽ നിയമിച്ചതു തെറ്റായ കീഴ്‌വഴക്കം.
-രാജൻ ജെ. പല്ലൻ
(പ്രതിപക്ഷ നേതാവ്).
ഭരണസ്തംഭനമുണ്ടാകാതിരിക്കാൻ താത്കാലികക്കാരെ നിയമിച്ചിട്ടുണ്ട്. ദൈനംദിനപ്രവർത്തനങ്ങൾക്ക് വിഘ്‌നം വരാതിരിക്കാനുള്ള ജീവനക്കാരെ നിയമാനുസൃത നടപടികൾ പൂർത്തീകരിച്ചാണ് നിയമിച്ചത്.
-എം.കെ. വർഗീസ്
(മേയർ)
പി.എസ്.സിയെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനേയും നോക്കുകുത്തിയാക്കുകയാണ്. ജോലിക്കായി കാത്തിരിക്കുന്ന യുവതീ യുവാക്കളെ വഞ്ചിച്ച് ഇടതുപക്ഷം സ്വജനപക്ഷപാതം കാട്ടുന്നു.
-വിനോദ് പൊള്ളഞ്ചേരി
(ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ)