കുന്നംകുളം: മുഖ്യമന്ത്രി കളക്ടർമാർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ വ്യാഴാഴ്ചയും താലൂക്കിൽ 'ജനസമക്ഷം 2022' പരാതിപരിഹാര അദാലത്ത് നടത്തും. ആദ്യത്തെ അദാലത്ത് ഇന്ന് രാവിലെ 10.30 മുതൽ ഒന്നുവരെ കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സിവിൽ സപ്ലൈസ്, ആരോഗ്യം, സാമൂഹ്യനീതി,വനിത ശിശുവികസനം, പൊതുമരാമത്ത് വകുപ്പ് (റോഡ്‌സ് വിഭാഗം), ലൈഫ് മിഷൻ എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കും. ഭൂമിയുടെ തരംമാറ്റുന്നതിനുള്ള അപേക്ഷകളും റേഷൻ കാർഡ് ബി.പി.എൽ ആക്കുന്നതിനുള്ള അപേക്ഷകളും ഓൺലൈനായി മാത്രം സ്വീകരിക്കുന്നതിനാൽ അദാലത്തിൽ സ്വീകരിക്കുന്നതല്ല. അദാലത്തുദിവസം കുന്നംകുളം താലൂക്കിലുള്ളവർക്ക് ഹാജരായി ജില്ലാകളക്ടർ മുമ്പാകെ അപേക്ഷ സമർപ്പിക്കാം. ജില്ലയിലെ ഏഴ് താലൂക്കുകളിലും ഒരുതവണ അദാലത്ത് നടത്തികഴിഞ്ഞാൽ വീണ്ടും പഴയക്രമത്തിൽ തന്നെ താലൂക്കുകളിൽ അദാലത്ത് നടത്തും. ഓരോ താലൂക്കിലും ആദ്യത്തെ അദാലത്തിൽ ലഭിച്ച അപേക്ഷകൾ രണ്ടാമത്തെ അദാലത്തിനു മുമ്പായി നിർബന്ധമായും തീർപ്പാക്കി അപേക്ഷകനു നൽകിയ മറുപടി റിപ്പോർട്ട് സഹിതം രണ്ടാമത്തെ അദാലത്ത് ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഹാജരാകണം.