പുല്ലൂറ്റ് പുഴയിൽ ആഫ്രിക്കൻ പായൽ നിറഞ്ഞ സ്ഥിതിയിൽ.
ഉൾനാടൻ ജലാശയങ്ങളിൽ ആഫ്രിക്കൻ പായലും കുളവാഴയും നിറയുന്നു
ദുരിതക്കയത്തിലേക്ക് വീണ് 20,000 ത്തോളം മത്സ്യത്തൊഴിലാളികൾ
കൊടുങ്ങല്ലൂർ: ഉൾനാടൻ ജലാശയങ്ങളിൽ പായൽ നിറഞ്ഞത് മത്സ്യത്തൊഴിലാളികൾക്ക് തീരാ ദുഃഖമാകുന്നു. കനോലി കനാലിലും കാഞ്ഞിരപ്പുഴയിലും ആഫ്രിക്കൻ പായലും കുളവാഴയുമാണ് നിറഞ്ഞിട്ടുള്ളത്. ചീനവല, വീശൽവല, നീണ്ടുവല, ഊന്നിവല, ചെമ്മീൻ കെട്ട് തുടങ്ങിയ പണി ചെയ്യുന്നിടങ്ങളിലെല്ലാം വലയിൽ പായൽ കുടുങ്ങി വല നശിച്ചു പോകുന്ന സ്ഥിതിയാണ്. ഇതുമൂലം വലയിലേക്ക് മീനും കയറുന്നില്ല. മിക്ക ദിവസവും വെറുംകൈയോടെയാണ് തൊഴിലാളികൾ കായലിൽ നിന്നും മടങ്ങുന്നത്.
മാള, കരൂപ്പടന്ന, പുല്ലൂറ്റ്, കോട്ടപ്പുറം, അഴീക്കോട്, പന്തീരാം പാല തുടങ്ങിയ സ്ഥലങ്ങളിൽ തൊഴിലെടുക്കുന്ന 20,000 ത്തോളം ഉൾനാടൻ മത്സ്യത്തൊഴിലാളികളാണ് കൂടുതലും ദുരിതമനുഭവിക്കുന്നത്.
കനോലി കനാൽ ആരംഭിക്കുന്ന ചേറ്റുവ മുതൽ കാഞ്ഞിരപ്പുഴയുടെ അതിർത്തിയായ അഴീക്കോട് വരെ പായൽ നിറഞ്ഞ് വെള്ളം പോലും കാണാൻ കഴിയാത്ത അവസ്ഥയാണ്. മാള പുഴയിലും സ്ഥിതി വ്യത്യസ്തമല്ല. പടിയൂർ, വെളുത്ത കടവ്, കരിങ്ങച്ചിറ എന്നിവടങ്ങളിൽ നിന്നാണ് പായൽ ഒഴുകി വരുന്നതെന്ന് പറയുന്നു. പടിയൂർ പഞ്ചായത്തിന്റെ കീഴിലുള്ള മത്സ്യക്കെട്ടുകളിലുണ്ടാകുന്ന പായൽ വേലിയിറക്കം സമയങ്ങളിൽ ഹിറ്റാച്ചി ഉപയോഗിച്ച് കരാറുകാർ ഇവിടങ്ങളിലേക്ക് തള്ളിവിടുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
ജലാശയങ്ങളിൽ പായൽ നിറയുന്നത് സംബന്ധിച്ച് സംയുക്ത തൊഴിലാളി സംഘടനകൾ പടിയൂർ പഞ്ചായത്തിന് നിവേദനം നൽകിയിരുന്നു. ഇതുവരെ നടപടിയുണ്ടായില്ല.
സി.ആർ. ഷാജി
(എ.ഐ.ടി.യു.സി പ്രവർത്തകൻ)