ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ റോഡുകളിൽ ടൈൽ വിരിക്കൽ പ്രവൃത്തിക്ക് ആരംഭമായി. ഇന്നർറിംഗ് റോഡിൽ നഗരസഭയുടെ പരിധിയിൽ വരുന്ന വടക്ക് ഭാഗം, പൊലീസ് സ്റ്റേഷൻ റോഡ്, പെരുമാൾ തോട് റോഡ് എന്നിവിടങ്ങളിലാണ് ഇന്റർലോക്ക് വിരിക്കുന്നത്. അമ്പാടി ജംഗ്ഷൻ മുതൽ പടിഞ്ഞാറെനട വരെയുള്ള ഇന്നർറിംഗ് റോഡിലാണ് ആദ്യഘട്ടത്തിൽ ഇന്റർലോക്ക് വിരിക്കുന്നത്. അമ്പാടി ജംഗ്ഷനിൽ നിന്നും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്നലെ ആരംഭമായി. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് നിർമ്മാണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥിരംസമിതി അദ്ധ്യക്ഷരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, എ.എസ്. മനോജ്, ബിന്ദു അജിത്കുമാർ, എ. സായിനാഥൻ, കൗൺസിലർമാരായ കെ.പി. ഉദയൻ, ശോഭ ഹരിനാരായണൻ, ദേവിക ദിലീപ്, ജ്യോതി രവീന്ദ്രനാഥ്, നഗരസഭാ സെക്രട്ടറി ബീന എസ്. കുമാർ, മുനിസിപ്പൽ എൻജിനിയർ ഇ. ലീല എന്നിവർ പങ്കെടുത്തു.