
തൃശൂർ: കല, കായികം, സാഹിത്യം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ച നാല് കുട്ടികൾ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയത് അഭിമാനമായി. ടി.എം മഹേശ്വർ, എസ്.അപ്പു, കെ.ജെ കൃഷ്ണവേണി, വി.എസ് അബ്ദുൾ ഹാദി എന്നിവർക്കാണ് പുരസ്‌കാരം.
വീൽചെയറിലിരുന്ന് അക്ഷരലോകം തീർത്തതാണ് എടക്കഴിയൂർ സ്വദേശി വി.എസ് അബ്ദുൾ ഹാദിയെ പുരസ്‌കാര നേട്ടത്തിലെത്തിച്ചത്. ഭിന്നശേഷി (12-18) വിഭാഗത്തിലാണ് പുരസ്‌കാരം. ചെറുപ്പം മുതൽ വായനാശീലവും സാഹിത്യരചനയും നൈപുണ്യമാക്കിയ അബ്ദുൾ ഹാദി കഥ, കവിതാരചന, വായന മത്സരങ്ങളിൽ പുരസ്‌കാരം നേടിയിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പ് 2021ൽ നടത്തിയ ഉണർവ് പരിപാടിയിൽ കഥാരചനയിൽ രണ്ടാം സ്ഥാനവും ജില്ലാ തലത്തിൽ ബി.ആർ.സി നടത്തിയ കവിത, കഥാരചന മത്സരങ്ങളിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. പേശീക്ഷയത്തിന് ഇടയിലും തളരാതെയുള്ള വായനയാണ് മികവായത്. എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ് സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
പരിമിതികൾക്കിടയിലും കലയെ കൂട്ടുപിടിച്ച കോടാലി സ്വദേശി കെ.ജെ കൃഷ്ണവേണിയും ഭിന്നശേഷി വിഭാഗത്തിൽ നിന്ന് പുരസ്‌കാരത്തിന് അർഹയായി. നാല് വയസ് മുതൽ പാട്ട്, ഡാൻസ്, കഥാപ്രസംഗം എന്നീ മേഖലകളിൽ നിരവധി പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിൽ 6 മുതൽ 11 വയസ് വരെയുള്ള വിഭാഗത്തിലാണ് നേട്ടം. കോടാലി ഗവ.എൽ.പി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ചിൽഡ്രൻസ് ഹോമിനും അഭിമാനം
മൂന്ന് വയസ് മുതൽ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ എസ്.അപ്പു, കായിക മേഖലയിലെ പ്രകടനത്തിന് പുരസ്കാരം നേടിയത് രാമവർമ്മപുരം ചിൽഡ്രൻസ് ഹോമിനും ഇരട്ടി മധുരമായി. ജനറൽ വിഭാഗം 12 മുതൽ 18 വയസ് വരെ വിഭാഗത്തിലാണ് നേട്ടം. സംയോജിത ശിശു വികസന പദ്ധതി പ്രകാരം 2016 മുതൽ ഗുരുകുലം പദ്ധതിയിൽ അപ്പു ഫുട്ബാൾ പരിശീലിക്കുന്നുണ്ട്. 2018ൽ എഫ്.സി കേരള നാഷണൽ ലീഗ് ഫുട്ബാൾ അക്കാഡമിയിലേക്ക് തെരഞ്ഞെടുത്തിരുന്നു. ഇവിടെ പരിശീലനം നടത്തിവരികയാണ്.
ചിത്രകലയിലൂടെ ടി.എം മഹേശ്വർ
ചിത്രകലയിലെ മികവാണ് ഏഴാം ക്ലാസ് വിദ്യാർത്ഥി ടി.എം മഹേശ്വറിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. 6-11 വയസ് വരെയുള്ള ജനറൽ വിഭാഗത്തിലാണ് ഇടം പിടിച്ചത്. 116 റിലയലിസ്റ്റിക് ചിത്രങ്ങളിലൂടെ ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്‌സിൽ. നാല് വയസ് മുതൽ ചിത്രം വരയ്ക്കാൻ തുടങ്ങി. വാട്ടർ കളർ, പെൻസിൽ ഡ്രോയിംഗ് തുടങ്ങി വിഭാഗങ്ങളിൽ മികവ്. പൂർത്തിയാക്കിയത് 200 ഓളം ചിത്രങ്ങൾ.
ഉജ്ജ്വല ബാല്യം
അഞ്ചിനും 18 വയസിനും ഇടയിലുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി
പുരസ്‌കാരം ഏർപ്പെടുത്തിയത് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്