rajeev

തൃശൂർ: ഭാഷയുടെ പരിമിതികളെ കുറിച്ചുള്ള നിരന്തരമായ ഓർമ്മപ്പെടുത്തലാണ് ടി.പി.രാജീവന്റെ എഴുത്തെന്നും അന്തർദ്ദേശീയമായ ജീവിതവീക്ഷണം കൊണ്ടാണ് രാജീവൻ അതിനെ മറികടന്നതെന്നും കവി അൻവർ അലി പറഞ്ഞു. അയനം സാംസ്‌കാരിക വേദിയുടെ ടി.പി രാജീവൻ സ്മരണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലേത് പോലെ ഒട്ടുമിക്ക ഇന്ത്യൻ ഭാഷയിലും അദ്ദേഹത്തിന് വായനക്കാർ ഉണ്ടായിരുന്നെന്ന് മുഖ്യപ്രഭാഷണം നടത്തിയ കവി കെ.ആർ ടോണി പറഞ്ഞു. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷനായി. കെ.ജെ ജോണി, കുഴൂർ വിത്സൻ, പി.ബി ഹൃഷികേശൻ, അനു പാപ്പച്ചൻ, വർഗീസാന്റണി, ടി.ജി അജിത, ശ്യാം സുധാകർ, പി.എ അനീഷ്, പി.എം സുനിത, യു.എസ് ശ്രീശോഭ്, എം.ആർ മൗനീഷ്, ജോയ് ചിറമേൽ എന്നിവർ പങ്കെടുത്തു.