health

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല മറ്റ് സർവകലാശാലകളിൽ നിന്നും വ്യത്യസ്തമായി നടത്തി വരുന്ന പരീക്ഷാ ക്രമീകരണം നേരിട്ട് കണ്ട് മനസിലാക്കുന്നതിന് കേരള സർവകലാശാലാ പരീക്ഷാ കൺട്രോളറുടെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ സർവകലാശാലയിൽ സന്ദർശനം നടത്തി.

ആരോഗ്യ സർവകലാശാല ആരംഭകാലഘട്ടം മുതൽ പരീക്ഷാ ചോദ്യപേപ്പറുകൾ, പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ഓൺലൈനായി അയച്ചുകൊടുത്താണ് പരീക്ഷകൾ നടത്തുന്നത്. പരീക്ഷാ പേപ്പർ മൂല്യ നിർണ്ണയം ഡിജിറ്റൽ സമ്പ്രദായത്തിലൂടെ നടത്തുന്നു. ഇത്തരം സംവിധാനങ്ങൾ നേരിട്ട് കണ്ടു മനസിലാക്കാനാണ് കേരള സർവകലാശാലാ പരീക്ഷാ കൺട്രോളർ പ്രൊഫ.(ഡോ.) എൻ.ഗോപകുമാർ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ വി.ടി മധു എന്നിവരടങ്ങുന്ന സംഘം സർവകലാശാല സന്ദർശിച്ചത്. പരീക്ഷാ രീതികളെ സംബന്ധിച്ച് പ്രൊ വൈസ് ചാൻസലർ ഡോ.സി.പി വിജയൻ, പരീക്ഷാ കൺട്രോളർ ഡോ.എസ്.അനിൽകുമാർ തുടങ്ങിയവർ വിശദീകരിച്ചു.