തൃശൂർ: പ്രളയം അടക്കമുള്ള ദുരന്തങ്ങളെ നേരിടാൻ എല്ലാ താലൂക്കുകളിലും പരിശീലനം പൂർത്തിയാക്കി ജില്ലയിലെ ഏത് ഭാഗത്ത് അപകടമുണ്ടായാലും ഓടിയെത്താൻ ദുരന്തനിവാരണസേന ഇനി മുന്നിലുണ്ടാകും.
തൃശൂർ താലൂക്കിന് കീഴിലുള്ള പഞ്ചായത്തുകളിലെയും കോർപറേഷനിലെയും വളണ്ടിയർമാർക്കാണ് പരിശീലനം നൽകിയത്. കളക്ടറേറ്റ് ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ അസിസ്റ്റന്റ് കളക്ടർ വി.എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാല് സെഷനുകളിലായാണ് പരിശീലനം നൽകിയത്. ദുരന്തനിവാരണ മുന്നൊരുക്കവും ലഘുകരണവും എമർജൻസി കിറ്റ് എന്ന വിഷയത്തിൽ ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി ക്ലാസെടുത്തു. പ്രളയത്തിലും തീപ്പിടുത്തിലുമുള്ള രക്ഷാപ്രവർത്തനം എന്ന വിഷയത്തിൽ തൃശൂർ അഗ്‌നിരക്ഷാ സ്റ്റേഷനിലെ ഫയർമാന്മാരായ എം.ജി. ശ്യാം, പി.എസ്. സജിൽ, പി.എസ്. സുധീഷ് എന്നിവർ ക്ലാസ് എടുത്തു. ദുരന്തത്തിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ ആദ്യം നൽകേണ്ട പ്രഥമശ്രുശ്രൂക്ഷയെക്കുറിച്ച് ജനറൽ ഹോസ്പിറ്റലിലെ ഡോ. മിഥുൽറോഷ് ക്ലാസെടുത്തു. ഡെപ്യുട്ടി കളക്ടർ (ദുരന്ത നിവാരണം) കെ.എസ്. പരീത്, ഡിസാസ്റ്റർ മനേജ്‌മെന്റ് ജൂനിയർ സൂപ്രണ്ട് രമാദേവി, കോളേജ് വിദ്യാർത്ഥികൾ, കുടുംബശ്രീ, ഇന്റർ ഏജൻസി ഗ്രൂപ്പ് പ്രവർത്തകർ, യുവജനക്ഷേമ ബോർഡ് അംഗങ്ങൾ, എൻ.സി.സി തുടങ്ങി 250 ഓളം പേർ പരിശീലനത്തിന്റെ ഭാഗമായി.

പരിശീലനം ദുരന്തങ്ങളെ തദ്ദേശീയമായിതന്നെ നേരിടാൻ

ദുരന്ത നിവാരണം, സന്നദ്ധസേവനം, പ്രഥമശുശ്രൂഷ, അഗ്‌നിരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. ദുരന്തങ്ങളെ നേരിടുന്നതിന് യുവാക്കളെയും സാധാരണക്കാരെയും പ്രാപ്തരാക്കാൻ സന്നദ്ധസേന ഡയറക്ടറേറ്റും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമാണ് പരിശീലനം നൽകുന്നത്. ദുരന്തസാദ്ധ്യതകൾ മുൻകൂട്ടി കണ്ട് പ്രതിരോധമാർഗം തയ്യാറാക്കുകയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയുമാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.