എരുമപ്പെട്ടി: ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ഉപയോഗിച്ച് സ്മാർട്ടാകാനൊരുങ്ങി എരുമപ്പെട്ടി പഞ്ചായത്തിലെ ഹരിതകർമ്മസേന. പഞ്ചായത്തിലെ വിവിധ വാർഡുകളിലായുള്ള 11000 വീടുകളിലും 1200 വ്യാപാര സ്ഥാപനങ്ങളിലും ക്യുആർ കോഡ് പതിപ്പിച്ച് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ആപ്പ് വഴി മാലിന്യ ശേഖരണം സ്മാർട്ട് ആക്കും. ഇതിന്റെ ആദ്യപടിയായി ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മസേന അംഗങ്ങൾ, വ്യാപാരി വ്യവസായ സംഘടനാ പ്രതിനിധികൾ എന്നിവർക്കുള്ള ഏകദിന പരിശീലനം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുമന സുഗതൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ സുരേഷ്, മെമ്പർമാരായ സുരേഷ്, ബബിത, സ്വപ്ന, ആസൂത്രണ സമതി വൈസ് ചെയർപേഴ്‌സൺ ഫ്രാൻസിസ്, അസിസ്റ്റന്റ് സെക്രട്ടറി പ്രസീത, വി.ഇ.ഒ: ജസ്റ്റിൻ സെബാസ്റ്റ്യൻ, നവകേരളം റിസോഴ്‌സ് പേഴ്‌സൺ മീര, കെൽട്രോൺ ടെക്‌നിക്കൽ ഓഫീസർ ലിതിൻ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഹരിതമിത്രം പ്രോഗ്രാം മാനേജർ സുജിത് പരിശീലനത്തിന് നേതൃത്വം നൽകി.
ആപ്പിൽ ഓരോ വീട്ടിലെയും പ്ലാസ്റ്റിക് ശേഖരണവുമായി ബന്ധപ്പെട്ട വിവരം
ഓരോ വീട്ടിലെയും പ്ലാസ്റ്റിക് ശേഖരണവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ മനസിലാക്കുകയെന്നതിനൊപ്പം എല്ലാ വീടുകളെയും ഈ ഉദ്യമത്തിൽ പങ്കുചേർക്കുക എന്നതും പദ്ധതിയുടെ നടത്തിപ്പ് കൊണ്ട് ലക്ഷ്യം വയ്ക്കുന്നു. വീട്ടുനമ്പർ ഉൾപ്പെടെയുള്ള മേൽവിലാസം, മുൻ ഘട്ടങ്ങളിൽ പ്ലാസ്റ്റിക് കൈമാറിയ വിവരങ്ങൾ, പ്ലാസ്റ്റിക് കൈമാറാതിരുന്നതിനുള്ള കാരണം, ഉൾപ്പെടെയുള്ള വിവരങ്ങൾ ഓരോ വീട്ടിലും പതിപ്പിക്കുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്നതിലൂടെ ഹരിതകർമ്മസേനയ്ക്ക് ലഭ്യമാകും. അതിനായി ഹരിതകർമ്മസേനയിലെ 36 അംഗങ്ങൾക്കും കുടുംബശ്രീ വഴി മൊബൈൽ ഫോൺ സൗകര്യങ്ങൾ ഏർപ്പെടുത്തും. എരുമപ്പെട്ടി പഞ്ചായത്തും ജില്ലാ ശുചിത്വമിഷനും സംയുക്തമായി കെൽട്രോൺ സഹായത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.