
തൃശൂർ: ഗുരു നിത്യ ചൈതന്യയതിയുടെ അപ്രകാശിത രചനകൾ പുസ്തകമാക്കാനുള്ള ശ്രമത്തിനിടെ മരണമടഞ്ഞ പാലക്കാട് മങ്കര പൊറയത്ത് കനകരാജിന്റെ കുടുംബത്തിന് ആറ് മാസം കൊണ്ട് വീട് നിർമ്മിച്ച് നൽകാൻ അഭ്യുദയകാംക്ഷികളുടെ യോഗം തീരുമാനിച്ചു. ഡിസംബർ ഒന്നിന് പണി തുടങ്ങി ജൂൺ ഒന്നിന് താക്കോൽ കൈമാറും. ഇതിന് വേണ്ടിവരുന്ന ഒൻപതു ലക്ഷം കൂട്ടായ്മയിലൂടെ സമാഹരിക്കും.
ഒരു കുടിലിൽ ജീവിച്ച കേവലമനുഷ്യനല്ല കനകരാജെന്ന് യതിശിഷ്യൻ ഷൗക്കത്ത് പറഞ്ഞു. പ്രപഞ്ചത്തെ നെഞ്ചോട് ചേർക്കുകയാണ് വായനയിലൂടെയും എഴുത്തിലൂടെയും അദ്ദേഹം ചെയ്തത്. അപൂർവം ചിലർക്കേ അങ്ങനെ ജീവിക്കാനാകൂ. അറിവുള്ളവർ ധാരാളമുണ്ടെങ്കിലും അറിവിനായി ജീവിക്കുന്നവർ കുറവാണ്. അത്തരം വ്യക്തിയായിരുന്നു കനകരാജെന്നും അദ്ദേഹം പറഞ്ഞു. വീട് നിർമ്മാണ ഫണ്ടിലേക്ക് സമാഹരിച്ച ആദ്യഗഡു ഒരു ലക്ഷം അദ്ദേഹം കൈമാറി.
കനകരാജിന്റെ 3,500 ഓളം പുസ്തകങ്ങളാണ് ഷൗക്കത്ത് ഏറ്റുവാങ്ങിയത്. കനകരാജിന്റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ കവി മുരളി മങ്കര അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗോകുൽദാസ്, എഴുത്തുകാരൻ പി.ആർ.ശ്രീകുമാർ, ജയരാജ്, മധു, ഗോപാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.