തൃശൂർ: ലൂർദ്ദ് കത്തീഡ്രലിലെ പരിശുദ്ധ അലോത്ഭവ മാതാവിന്റെ തിരുനാൾ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് രാവിലെ തിരുനാൾ കിറ്റ് വിതരണം നടത്തും. വൈകിട്ട് 4.30ന് ആരംഭിക്കുന്ന തിരുകർമങ്ങളിൽ മരിയൻ സമർപ്പണവും കൂടുതുറക്കൽ ശുശ്രൂഷയും വിശുദ്ധ രൂപം എഴുന്നള്ളിക്കലും ഉണ്ടായിരിക്കും. മാർ ജേക്കബ് തൂങ്കുഴി മുഖ്യ കാർമികത്വം വഹിക്കും. നാളെ രാവിലെ അമ്പുകളും കിരീടങ്ങളും ആശിർവദിച്ച് കുടുംബ യൂണിറ്റുകളിലേക്ക് നൽകും. രാത്രി ഏഴിന് കുടുംബ യൂണിറ്റുകളിൽ നിന്ന് അമ്പ് പ്രദക്ഷിണം വാദ്യമേളങ്ങളോടെ ആരംഭിച്ച് പത്തിന് മുമ്പ് ദേവാലയ അങ്കണത്തിലെത്തും. ഞായറാഴ്ച രാവിലെ 10.30ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പൊന്തിഫിക്കൽ കുർബാന അർപ്പിക്കും. തിരുനാളിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. എട്ടു ലക്ഷം രൂപ മുടക്കി രണ്ടു വീടുകൾ നിർമിച്ചു നൽകും. 136 സൗജന്യ ഡയാലിസിസുകളും നടത്തും. പത്തുപേർക്ക് ഒരു ലക്ഷം രൂപ വീതം വിവാഹസഹായവും നൽകും. സഹ വികാരിമാരായ ഫാ. ഷിജോ പള്ളിക്കുന്നത്ത്, ഫാ. അജിത് ചിറ്റിലപ്പിള്ളി, ബാബു കവലക്കാട്ട്, ഫ്രാൻസിസ് മാളിയേക്കൽ, സി.ആർ. ആന്റോ, ചാക്കോച്ചൻ ചാണ്ടി, ജോൺസൻ ചാക്കോ, ജെയ്‌സൻ മാണിമാങ്ങൻ, സേവ്യർ ചേലപ്പാടൻ, തോമസ് ടോണി മുറ്റിച്ചൂക്കാരൻ, പൈലോത് പോൾ ചാലിശേരി, ഡോ. ഇഗ്‌നേഷ്യസ് ആന്റണി, ജിജി യു. ജോർജ്, എം.ജെ. ജോയ് മഞ്ഞില എന്നിവർ നേതൃത്വം നൽകും.