coffee-house

തൃശൂർ : തിരഞ്ഞെടുപ്പ് നീട്ടി അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ നിലവിലെ ഭരണസമിതി ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങിയതോടെ ഇന്ത്യൻ കോഫി ഹൗസ് തിരഞ്ഞെടുപ്പ് 13 ന്. മുൻകാലങ്ങളിൽ ഒറ്റയ്ക്ക് മത്സരിച്ചിരുന്ന സി.ഐ.ടി.യു,​ ഇത്തവണ കോഫി സംരക്ഷണ സമിതിയുടെ ഭാഗമായി മത്സരിക്കും.

എ.ഐ.ടി.യു.സി, ബി.എം.എസ് എന്നിവരും മത്സരരംഗത്തില്ല. കഴിഞ്ഞ 18 വർഷമായി തൊഴിലാളികൾ നേതൃത്വം നൽകുന്ന ഇന്ത്യൻ കോഫി ഹൗസ് സഹകരണ വേദിയാണ് ഭരണം നടത്തുന്നത്. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഇന്ത്യൻ കോഫി ഹൗസിലെ ജീവനക്കാരാണ് വോട്ടർമാർ. തൃശൂർ കാൽഡിയൻ സിറിയൻ സ്‌കൂളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. അഞ്ച് വർഷമാണ് ഭരണ സമിതിയുടെ കാലാവധി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സഹകരണ വേദി പാനലിന് 1100നും 1250നും ഇടയിൽ വോട്ട് ലഭിച്ചിരുന്നു. സി.ഐ.ടി.യു പാനലിന് 400 ഓളം വോട്ടാണ് ലഭിച്ചത്.

കോഫിഹൗസ് നഷ്ടത്തിലെന്ന് സംരക്ഷണ സമിതി

തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള കോഫീഹൗസ് നഷ്ടത്തിലേക്ക് കുതിക്കുകയാണെന്ന് സംരക്ഷണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 2017 മുതലാണ് നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയത്. ആദ്യവർഷം 10.58 കോടി നഷ്ടമുണ്ടാക്കി. ജി.എസ്.ടി യഥാസമയം അടച്ചില്ല. ജീവനക്കാരുടെ പേരിലുള്ള ജി.എസ്.എൽ.ഐ പൊളിസി അവരുടെ സമ്മതമില്ലാതെ നിറുത്തലാക്കി. 2021 മാർച്ചിലെ ഓഡിറ്റ് പ്രകാരം സംഘത്തിന്റെ അറ്റനഷ്ടം 27.82 കോടിയാണ്. 2022 മാർച്ച് കണക്ക് പൂർത്തിയാകുമ്പോൾ ഏകദേശം 37 കോടിയോളം വരും. പി.എഫിൽ എട്ട് കോടിയും ഗ്രാറ്റുവിറ്റി 12 കോടിയും കുടിശികയുണ്ട്. ഇന്ത്യൻ കോഫി ഹൗസ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എഫ്.ഡേവിസ്, സെക്രട്ടറി സി.കെ.രാജഷ്, സംരക്ഷണസമിതി ചെയർമാൻ സി.പി.അജിത്കുമാർ, കൺവീനർ സി.എ.ബാലകൃഷ്ണൻ, ആർ.മനോജ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കൊവിഡ് കാലത്ത് സ്ഥാപനങ്ങൾ എല്ലാം അടച്ചിട്ടിട്ടും രണ്ടായിരത്തോളം വരുന്ന ജീവനക്കാർക്ക് അമ്പത് ശതമാനം ശമ്പളം നൽകിയിരുന്നു. കൂടുതൽ സ്ഥലങ്ങളിൽ ഷോപ്പ് ആരംഭിച്ചുകൊണ്ടിരിക്കുകയാണ്. സംരക്ഷണ സമിതി ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. വെറും പുകമറ സൃഷ്ടിക്കുകയാണ്. തൊഴിലാളികൾ എല്ലാവരും ചേർന്നാണ് സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.


സി.ഡി.സുരേഷ്
സെക്രട്ടറി
കോഫി ഹൗസ് ഭരണസമിതി

സഹകരണ വേദി

ആകെ വോട്ടർമാർ 1978
കഴിഞ്ഞ തവണ പോൾ ചെയ്തത് 1771
സഹകരണ വേദി പാനലിന് ലഭിച്ചത് 1100-1250
സി.ഐ.ടി.യു പാനലിന് ലഭിച്ചത് 423