guruvayoor

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയുടെ ഭാഗമായി നാളെ കനറാ ബാങ്ക് ജീവനക്കാരുടെ വിളക്കാഘോഷം നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്പൂർണ്ണ നെയ് വിളക്കായാണ് വിളക്കാഘോഷം സംഘടിപ്പിക്കുക. ക്ഷേത്രത്തിൽ രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയാകും. വൈകിട്ട് 3.30ന് കാഴ്ചശീവേലിക്ക് പല്ലശ്ശന മുരളി മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അരങ്ങേറും. സന്ധ്യക്ക് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിൽ മഞ്ചേരി ഹരിദാസ്, ഗുരുവായൂർ ശശി മാരാർ എന്നിവരുടെ ഡബിൾ തായമ്പകയും ഉണ്ടാകും.

രാത്രി വിളക്കെഴുന്നള്ളിപ്പിന് ഗുരുവായൂർ മുരളിയുടെ നേതൃത്വത്തിൽ വിശേഷാൽ ഇടയ്ക്ക നാദസ്വരം അകമ്പടി സേവിക്കും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ ഏഴിന് കനറാ ബാങ്ക് ചീഫ് മാനേജർ പി.ബി.ബിനു ഭദ്രദീപം തെളിക്കുന്നതോടെ കലാപരിപാടികൾക്ക് തുടക്കമാകും. തുടർന്ന് സോപാന സംഗീതം, ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകീട്ട് 6.30ന് എടപ്പാൾ വിശ്വൻ അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ വിളക്കാഘോഷ കമ്മിറ്റി ഭാരവാഹികളായ പി.ബി.ബിനു, എം.എസ്.ഭാസ്‌ക്കരൻ, പി.വിനോദ് കുമാർ, ജി.രാജേഷ്, കെ.കവിത, അരുൺ അശോക്, വി.ജി.ശശി തുടങ്ങിയവർ സംബന്ധിച്ചു. ക്ഷേത്രത്തിൽ ഇന്നലെ ഗുരുവായൂർ പൊലീസിന്റെ വകയായിരുന്നു വിളക്കാഘോഷം. ഇന്ന് ക്ഷേത്രത്തിലെ പാരമ്പര്യ പ്രവൃത്തിക്കാരായ ക്ഷേത്രം പത്തുകാരുടെ വക വിളക്കാഘോഷം നടക്കും.