തിരുവില്വാമല: കൈത്തറി ഗ്രാമമായ കുത്താമ്പുള്ളിയിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ പെപ്പർ ടൂറിസം പദ്ധതി നടപ്പാക്കും. കൈത്തറി തുണിത്തരങ്ങൾക്ക് സർക്കാരിന്റെ ഓൺലൈൻ വിപണി അടക്കമുള്ളവയുടെ സാദ്ധ്യത പ്രയോജനപ്പെടുത്തുക, അതിന് നെയ്ത്തുകാരെ പ്രാപ്തരാക്കുക, കൈത്തറി ശാലകളിൽ തുണി നെയ്‌തെടുക്കുന്നതു കാണുന്നതിനും തുണികൾ വാങ്ങിക്കുന്നതിനും സഞ്ചാരികൾക്ക് അവസരമുണ്ടാക്കുക, നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തി ഹോം സ്റ്റേയിക്ക് സാങ്കേതിക പിന്തുണ നൽകുക തുടങ്ങിയവയാണ് നടപ്പാക്കുന്നത്. ഗ്രാമവാസികളുടെ അഭിപ്രായം, വിഭവശേഷി ആസൂത്രണം എന്നിവ പ്രകാരം സഞ്ചാരികളെ ആകർഷിക്കുന്ന മറ്റു പരിപാടികളും പെപ്പർ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തും. 21 മുതൽ 23 വരെ കുമരകത്തു വച്ചു നടക്കുന്ന പരിശീലനത്തിൽ പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.