fan

ചാലക്കുടി: ഇഷ്ടപ്പെട്ട രാജ്യത്തിന്റെ നിറം സ്വന്തം വീടിന് ചാർത്തി സിത്താര നഗർ കാഞ്ഞിരപറമ്പിൽ വീട്ടിൽ ഫാസിൽ ഫുട്ബാൾ ലഹരിയിലേക്ക്. മെസി നയിക്കുന്ന അർജന്റീനയുടെ ഇളം നീലയും വെള്ളയുമാണ് കെൻസ് ഗാർഡനിലെ ഇരുനില വീടിനെ അലങ്കാരമാക്കിയത്. ഒരാഴ്ച നീണ്ട പെയിന്റിംഗിന് ചെലവായത് എൺപതിനായിരം രൂപയാണ്.
യഥാർത്ഥ നിറം കിട്ടാൻ നിരവധി പെയിന്റ് കടകൾ കയറിയിറങ്ങേണ്ടി വന്നു, അപ്പോളോ ടയേഴ്‌സിലെ ഇൻസ്‌പെക്ടറായ 42കാരൻ ഫാസിലിന്. അഞ്ച് വർഷം മാത്രം പഴക്കമുള്ള കെട്ടിടത്തിന് ഇത് രണ്ടാമത്തെ പെയിന്റിംഗാണ്. സാമഗ്രികൾ സ്വരുക്കൂട്ടുന്നതിനും ഇവ വീടിന് അലങ്കാരമാക്കാനും ജോലിക്കാരോടൊപ്പം കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. ഇതിൽ ഒതുങ്ങുന്നതല്ല ഫാസിലിന്റെ ലോക കപ്പ് ജ്വരം.

വ്യാസപുരത്തെ നവോദയ ക്ലബ്ബ്് സെവൻസ് മാച്ചും ഒരുക്കുന്നുണ്ട്. തന്റെ ടീമായ അർജന്റീനയും കൂട്ടുകാരുടെ ടീമായ ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തിന് തിയതി തീരുമാനിച്ചിട്ടില്ലെന്ന് യുവാവ് പറഞ്ഞു. ഫ്‌ളക്‌സ് കൊടി തോരണങ്ങൾ, നാട്ടിൽ പ്രവചന മത്സരം സംഘടിപ്പിക്കൽ, നാട്ടുകാർക്ക് ഒന്നിച്ചിരുന്ന് കളികാണാൻ വേദിയൊരുക്കൽ അങ്ങനെ നീളുന്നു ഫാസിലിന്റെ പ്രവർത്തനം. ഭാര്യയും മൂന്ന് കുട്ടികളും ബാപ്പയുടെ ഫുട്ബാൾ കമ്പത്തിന് താരാട്ടുപാടുന്നു. കാലത്തെ കാർന്ന് തിന്നുന്ന മയക്കുമരുന്നിനെതിരെയുള്ള പ്രചരണം കൂടിയാണിത്. മറ്റെല്ലാ ലഹരിയും ഉപേക്ഷിച്ച് കാൽപ്പന്തു കളിയുടെ ലഹരിയിലേക്ക് യുവതലമുറ വഴിമാറട്ടെയെന്ന പ്രാർത്ഥനയും ഫാസിലിനുണ്ട്.