വടക്കാഞ്ചേരി: നഗരസഭയുടെ അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ വീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 91 കുടുംബങ്ങളാണ് വടക്കാഞ്ചേരി നഗരസഭയിലെ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ പട്ടികജാതി വിഭാഗത്തിൽപെട്ടവർ ഉൾപ്പെടെ 27 പേരുടെ വീടുകളാണ് അടിയന്തരമായി പുനരുദ്ധാരണം നടത്തേണ്ടത്. വീടുകളുടെ പുനരുദ്ധാരണത്തിനായി ഈ വർഷം 22 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിട്ടുള്ളത്. അതിദരിദ്ര കുടുംബങ്ങളെ സംബന്ധിച്ച് അവരുടെ വീട് റിപ്പയർ നടത്തുന്നതിന് നഗരസഭ നേരിട്ടാണ് നടപടി സ്വീകരിക്കുന്നത്. ഇതിനായി കൺസ്ട്രക്ഷൻ പരിശീലനം ലഭിച്ച വനിതകളുടെ കുടുംബശ്രീ യൂണിറ്റിനെ സജ്ജമാക്കിയിട്ടുണ്ട്. 7 പേരടങ്ങുന്ന യൂണിറ്റാണിത്. വടക്കാഞ്ചേരി നഗരസഭയിലെ പി.എം.എ.വൈ ലൈഫ് വീടുകളുടെ പണി പൂർത്തീകരിച്ച അനുഭവജ്ഞാനമുള്ളവരാണിവർ. ഭൂരിഭാഗം വീടുകൾക്കും ബാത്ത് റൂം, അടുക്കള, നിലം തേയ്ക്കൽ, ചുമർ തേയ്ക്കൽ എന്നിവയാണ് വേണ്ടിവരുന്നത്. 2022 ഡിസംബർ 31നുള്ളിൽ പുനരുദ്ധാരണ പ്രവൃത്തി വേണ്ടതായ എല്ലാ വീടുകൾക്കും പ്രവൃത്തി പൂർത്തീകരിക്കുമെന്നാണ് നഗരസഭയുടെ തീരുമാനം.
അതിദരിദ്ര കുടുംബങ്ങളുടെ വീട് പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ നിർവഹിച്ചു. വാർഡ് കൗൺസിലർ മല്ലിക സുരേഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി കെ.കെ. മനോജ്, അയ്യങ്കാളി തൊഴിലുറപ്പ് എൻജിനിയർ ബിന്ദു, എ.എച്ച്. സലാം എന്നിവർ പങ്കെടുത്തു.