ചാലക്കുടി: അറ്റകുറ്റപ്പണികൾക്കായി ശൗചാലയം അടച്ചിട്ടിട്ട് ഒരാഴ്ച പിന്നിടുമ്പോൾ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ ആ ശങ്ക തീർക്കാനാകാതെ ദുരിതത്തിൽ. പൈപ്പുകൾ തകരാറായതിനെ തുടർന്നാണ് അറ്റകുറ്റപ്പണികൾ വേണ്ടി വന്നത്. ടാങ്ക് കണ്ടെത്തുന്നതിന് ദിവസങ്ങൾ വേണ്ടിവന്നു. ടാങ്കിന് മുകളിൽ ടൈൽ വിരിച്ച് ഷെഡ് നിർമ്മിച്ചതാണ് കണ്ടെത്തലിന് തടസമായത്. ഇതോടെ ഇവിടെ കൂടുതൽ പ്രവൃത്തികൾ ആവശ്യമായി വന്നു. പുതിയ പൈപ്പുകൾ ഘടിപ്പിക്കലാണ് ഇപ്പോൾ നടക്കുന്നത്. ശൗചാലയം ഉപയോഗിച്ചവരുടെ അലംഭാവവും സൂക്ഷ്മതക്കുറവുമാണ് പൈപ്പ് തടസപ്പെടാൻ ഇടയാക്കിയതെന്ന് പറയുന്നു. ഇവയെല്ലാം എപ്പോൾ ശരിയാകുമെന്ന് നഗരസഭാ അധികാരികൾക്ക് പറയാൻ കഴിയുന്നില്ല. സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ പ്രാഥമികാവശ്യത്തിന് സൗകര്യമില്ലാതെ നട്ടം തിരിയുന്ന അവസ്ഥ സംജാതമായിരിക്കുകയാണ്.