 കഥയമമ സമേതത്തിന്റെ ആദ്യപരിപാടി സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വീട്ടിൽ റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.
കഥയമമ സമേതത്തിന്റെ ആദ്യപരിപാടി സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വീട്ടിൽ റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.
അന്തിക്കാട്: മുതിർന്ന കലാ സാംസ്‌കാരിക പ്രവർത്തകരുമായി വിദ്യാർത്ഥികൾ നടത്തുന്ന സംവാദ പരിപാടിയായ കഥയമമ സമേതത്തിന് സത്യൻ അന്തിക്കാടിന്റെ വസതിയിൽ തുടക്കമായി. സത്യൻ അന്തിക്കാടിന്റെ കലാപ്രവർത്തനങ്ങളുടെ തുടക്കവും, വളർച്ചയും, അന്തിക്കാടുമായുള്ള ആത്മബന്ധവും, മാറിയ കാഴ്ചപ്പാടുകളുമെല്ലാം അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. അന്തിക്കാട് ഹൈസ്‌കൂളിലെ തിരഞ്ഞെടുത്ത 25 കുട്ടികളാണ് സംവാദത്തിൽ ഏർപ്പെട്ടത്. ജില്ലാ ഭരണകൂടം, പൊതുവിദ്യാഭ്യാസവകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് കഥയമമ സമേതം സംഘടിപ്പിച്ചത്.
ജില്ലയിലെ മുതിർന്ന 12 കലാസാംസ്‌കാരിക പ്രവർത്തകരുമായി കുട്ടികൾ സംവദിക്കുന്നതും അത് ഡോക്യുമെന്ററിയായും പുസ്തകമായും പുറത്തിറക്കുന്നതുമാണ് പദ്ധതി. ആദ്യപരിപാടി സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വീട്ടിൽ റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
യുക്തിഭദ്രമല്ലാത്ത ചിന്തകൾ സമൂഹത്തിൽ പ്രചരിക്കുമ്പോൾ പോയ കാലഘട്ടത്തിന്റെ അനുഭവങ്ങൾ രേഖപ്പെടുത്തി വയ്‌ക്കേണ്ടതും വരുംതലമുറകൾക്ക് അവ പകർന്നു നൽകേണ്ടതുമുണ്ടെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ ചിന്തകളിൽ അന്വേഷണാത്മകത വളർത്തുന്നതിനും യാഥാർത്ഥ്യങ്ങൾ തൊട്ടറിയാൻ പ്രാപ്തമാക്കുന്നതിനുമായാണ് സമേതം പദ്ധതിക്ക് രൂപം നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷനായി. കളക്ടർ ഹരിത വി. കുമാർ ഗാനം ആലപിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൾ കരീം, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ, പി.ജെ. ബിജു, വിദ്യാരംഗം ജില്ലാ കൺവീനർ എം.എൻ. ബർജിലാൽ, സിന്ധു ജോൺ, നൗഫൽ, വിനോദ്, സിന്ധു, തുഷാര തുടങ്ങിയവർ പങ്കെടുത്തു.