pravasi-jadhaപ്രവാസി മുന്നേറ്റ ജാഥയ്ക്ക് ശ്രീനാരായണപുരത്ത് സ്വീകരണം നൽകിയപ്പോൾ.

കൊടുങ്ങല്ലൂർ: കേന്ദ്ര സർക്കാരിന്റെ പ്രവാസി വിരുദ്ധ സമീപനങ്ങളോടുള്ള പ്രതിഷേധമായി കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 16ന് രാജ്ഭവൻ മാർച്ചും ഫെബ്രുവരി 15ന് പാർലമെന്റ് മാർച്ചും നടത്തുന്നതിന്റെ പ്രചാരണാർത്ഥം കാസർകോടു നിന്നും ആരംഭിച്ച ജാഥയ്ക്ക് ശ്രീനാരായണപുരത്ത് സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.വി. അബ്ദുൾ ഖാദർ ക്യാപ്ടനായും അഡ്വ. ഗഫൂർ പി. ലില്ലീസ് വൈസ് ക്യാപ്ടനായുള്ള ജാഥയാണ് പര്യടനം നടത്തുന്നത്. സംഘാടക സമിതി ചെയർമാൻ കെ.കെ. അബീദലി അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, ഹബീബ് റഹ്മാൻ, ടി.കെ. രമേഷ് ബാബു, സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ 36-ാമത് ദേശീയ ഗെയിംസിൽ അമ്പെയ്ത്ത് മത്സരത്തിൽ സ്വർണം നേടിയ ജെസ്‌ന കെ.ജെ.യെ ജാഥ ക്യാപ്ടൻ അനുമോദിച്ചു. പ്രവാസി സംഘം ഏരിയ സെക്രട്ടറിയും ജനറൽ കൺവീനറുമായ കെ.എം. പ്രകാശൻ സ്വാഗതവും ജാഥാ മാനേജർ ബാദുഷ കടലുണ്ടി നന്ദിയും പറഞ്ഞു.