പാവറട്ടി: പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട് പുഴയും തണ്ണീർത്തട പ്രദേശവും റിസർവ് വനമാക്കുന്ന നടപടികളിലേക്ക് വനംവകുപ്പ് കടന്നതോടെ പരമ്പരാഗത തൊഴിലിടങ്ങൾ നഷ്ടമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. പാവറട്ടി വേൺമേനാട് വില്ലേജിൽ 119/2 സർവേ നമ്പറിൽപ്പെട്ട 234.18 ഏക്കർ ചേറ്റുവ പെരിങ്ങാട് പുഴയും തണ്ണീർത്തടവും അടങ്ങുന്ന റവന്യൂഭൂമിയാണ് വനംവകുപ്പ് ഏറ്റെടുക്കുന്നത്. ഈ പ്രദേശം റിസർവ് വനമായി പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നതായി കാണിച്ച് 2021 ഫെബ്രുവരി 22ന് അസാധാരണ ഗസറ്റ് പ്രഖ്യാപനം വന്നു. അവിടേക്കുള്ള പ്രവേശനം തടഞ്ഞ് വനംവകുപ്പ് ബോർഡും സ്ഥാപിച്ചു.
റിസർവ് വനമാകുന്നതോടെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും കക്ക വാരൽ തൊഴിലാളികൾക്കും ചകിരി തൊഴിലാളികൾക്കും പരമ്പരാഗത തൊഴിലിടങ്ങൾ നഷ്ടപ്പെടാനിടയാകും. മാത്രമല്ലാ ഇവിടെ 50 മീറ്റർ പരിധിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും അനുമതി ലഭ്യമാകില്ല.
കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനും ഇക്കോ ടൂറിസം സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനുമാണ് വനംവകുപ്പ് പെരിങ്ങാട് പുഴയും അനുബന്ധ പ്രദേശവും ഏറ്റെടുത്തിട്ടുള്ളതെന്നാണ് പറയുന്നതെങ്കിലും ഏതെങ്കിലും വനഭൂമി വനേതര ആവശ്യത്തിനായി വിട്ടു നൽകുമ്പോൾ പകരം ഈ പ്രദേശത്ത് മരങ്ങൾ വച്ച് പിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്.
ത്രിതല പഞ്ചായത്തുകളും നാട്ടുകാരും സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് പ്രദേശത്തെ കണ്ടൽക്കാടുകൾ സംരക്ഷിക്കുകയും വ്യാപിപ്പിക്കുകയും ചെയ്തിരുന്നത്. ചകിരി മൂടുന്നതിന് പട്ടയമെടുത്തവർക്കും പൊക്കാളി കൃഷിയിടങ്ങൾക്കും നഷ്ടപരിഹാരം നൽകാതെയും വനംവകുപ്പ് സ്ഥലം മേറ്റെടുത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. സർവേ 119/2ൽ ഏരിയൽ സർവേ നടത്തി നൂറു മീറ്റർ പരിധി നിശ്ചയിക്കാനുള്ള സർക്കാർ നീക്കത്തിലും പാവപ്പെട്ട തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ആശങ്കയുണ്ട്. തണ്ണീർത്തടം പ്രദേശം റവന്യൂ വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും നിലവിലെ നിയമപ്രകാരം ജനകീയ പിന്തുണയോടെ സംരക്ഷിക്കാൻ കഴിയുമെന്നാണ് പ്രദേശവാസികളും പ്രകൃതിസംരക്ഷണ പ്രവർത്തകരും പറയുന്നത്.
തണ്ണീർത്തടം സംരക്ഷിക്കുന്നതിന് റവന്യൂ ഭൂമി വനംവകുപ്പിന് വിട്ടുനൽകരുത്. ഇത് സംബന്ധിച്ച് സർക്കാരിനും ജില്ലാ കളക്ടർക്കും മണലൂർ എം.എൽ.എയ്ക്കും പാവറട്ടി പഞ്ചായത്ത് പ്രസിഡന്റിനും നിവേദനം നൽകിയിട്ടുണ്ട്.
-അബു കാട്ടിൽ, ഷൈജു തിരുനെല്ലൂർ
(തീരദേശ സംരക്ഷണ സമിതി)