ചാലക്കുടി: നഗരസഭാ ആരോഗ്യ വിഭാഗത്തിൽ നടന്ന അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നഗരസഭ കൗൺസിൽ യോഗം അംഗീകരിച്ചു. ഇതുസംബന്ധിച്ച് സർക്കാരിലേയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്ന മുറയ്ക്ക് വിജിലൻസ് അന്വേഷണത്തിന് ആവശ്യപ്പെടുമെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ചെയർമാൻ എബി ജോർജ് പറഞ്ഞു. പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷാണ് ആവശ്യം ഉന്നയിച്ചത്. ചെയർമാൻ വാർത്താ സമ്മേളനം നടത്തി അഴിമതിയുണ്ടെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം വൈകുന്നത്് ഭരണപക്ഷത്തിന്റെ തന്ത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വി.ജെ. ജോജി, കെ.എസ്. സുനോജ്, ബിജി സദാനന്ദൻ എന്നിവരും ഇക്കാര്യം ഉന്നയിച്ച് സംസാരിച്ചു. ഇതുസംബന്ധിച്ച് യോഗം ബഹളത്തിലുമായി.
ആനമല ജംഗ്ഷനിലെ പെട്രോൾ പമ്പിൽ നടക്കുന്ന എൽ.എം.ജി ഗ്യാസ് പമ്പ് നിർമ്മാണം നിർത്തുന്നതിന് നോട്ടീസ് നൽകാൻ യോഗം തീരുമാനിച്ചു. നേരത്തെ സ്‌റ്റോപ്പ് മെമ്മോ കൊടുത്തിട്ടും നിർമ്മാണ പ്രവർത്തനം തുടരുകയാണെന്ന് വാർഡ് കൗൺസിലർ എം.എം. അനിൽകുമാർ യോഗത്തിൽ ചൂണ്ടിക്കാട്ടി. രണ്ടു പമ്പുകൾക്കിടയിൽ റോഡരികിൽ പുതിയ ട്രാൻസ് ഫോർമർ സ്ഥാപിക്കുന്നത് ഗുരുതരമായ അപകടത്തിന് വഴിവയ്ക്കുമെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. മാസ്റ്റർ പ്ലാനിൽ ആനമല റോഡിന് 24 മീറ്റർ വീതിയാണ് നിഷ്‌കർഷിച്ചിരിക്കുന്നതെന്നും ഇക്കാരണത്താൽ ഇവിടെ ഗ്യാസ് പമ്പ് നിർമ്മിക്കൽ നിയമപരമായി അനുവദിക്കാനാവില്ലെന്നും അഡ്വ. ബിജു ചിറയത്ത് പറഞ്ഞു. നഗരസഭാ ടൗൺഹാൾ പുതുവർഷ പുലരിയിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ബുക്കിംഗ് ഡിസംബർ 1 മുതൽ തുടങ്ങും. ഷിബു വാലപ്പൻ, കെ.വി. പോൾ, വത്സൻ ചമ്പക്കര എന്നിവരും ചർച്ചയിൽ പങ്കെടുത്തു.