ചാലക്കുടി: ചാലക്കുടിയിൽ ലോകകപ്പ് ഫുട്ബാളിന്റെ ആവേശം വാനോളം ഉയരുന്നു. സിത്താര നഗറിൽ അർജന്റീനയുടെ ആരാധകൻ സ്വന്തം വീടിന് ടീമിന്റെ നിറം ചാർത്തിയതിന് പിന്നാലെ ബ്രസീൽ ഫാൻസ് അസോസിയേഷൻ പുതിയ പ്രകടനവുമായി രംഗത്തെത്തി. സൗത്ത് ജംഗ്ഷനിലെ മേൽപ്പാലത്തിന് സമീപം നെയ്മറിന്റെ 45 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചാണ് അവർ വെല്ലുവിളി ഉയർത്തിയത്. മാത്രമല്ല, പരിസരത്താകെ ബ്രസീലിന്റെ കൊടിയും അവർക്ക് ആശംകൾ നേർന്ന് ഫ്‌ളക്‌സുകളും സ്ഥാപിച്ചു. ബ്രസീലിന്റെ എല്ലാ താരങ്ങളുടേയും ഫ്‌ളക്‌സുകൾ അടുത്ത ദിവസം കെട്ടുമെന്ന് ഫുട്ബാൾ ആവേശത്തിന് ചുക്കാൻ പിടിക്കുന്ന ജോഷി മാളിയേക്കൽ പറഞ്ഞു. ഫുട്ബാൾ മാമാങ്കം അവസാനിക്കുംവരെ വിവിധ ആകർഷണീയ പരിപാടികൾ സംഘടിപ്പിക്കാനും നൈജു പുത്തനങ്ങാടി, ജോമോൻ ചെറയ്ക്കൽ എന്നിവരും ചേർന്നുള്ള സംഘം തയ്യാറെടുക്കുകയാണ്. ബ്രസീൽ ആരാധകനായ നഗരസഭാ ചെയർമാൻ എബി ജോർജ് അവർക്ക് ആവേശം പകർന്ന് രംഗത്തുണ്ട്.