tree
പോട്ടയിൽ തണൽ മരം മറിക്കുന്നതിനെതിരെ നാട്ടുകാർ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡ്.

ചാലക്കുടി: പോട്ടയിൽ റോഡരികിലെ തണൽ മരം മുറിച്ചുമാറ്റാനുള്ള നഗരസഭാ അധികൃതരുടെ ശ്രമം നാട്ടുകാർ തടഞ്ഞു. മാർക്കറ്റ് പരിസരത്തെ വർഷങ്ങൾ പഴക്കമുള്ള മരം മുറിക്കുന്നതാണ് ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് താത്കാലികമായി തടഞ്ഞത്. മരം മുറിക്കരുതെന്ന് ആവശ്യപ്പെട്ട് ഇവർ നിവേദനവും നൽകി. കാന നിർമ്മാണത്തിനു വേണ്ടിയാണ് മരം മുറിക്കുന്നതെന്ന്് നഗരസഭാ അധികൃതർ പറയുന്നു. എന്നാൽ പരിസരത്ത് സ്വകാര്യ വ്യക്തിയിൽ നിന്നും പിടിച്ചെടുത്ത ഭൂമിയുണ്ടെന്ന് പൗരസമിതിക്കാർ പറഞ്ഞു. ഈ ഭാഗത്തുവച്ച് കാന അൽപ്പം മാറ്റി നിർമ്മിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സ്വന്തക്കാരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള നഗരസഭ ചെയർമാന്റെ തന്ത്രമാണിതെന്നും പൗരസമിതി കുറ്റപ്പെടുത്തി.