മാള: കളിമണ്ണ് കിട്ടാതായതും ആവശ്യക്കാരുടെ കുറവും മൂലം എരവത്തൂരിലെ പരമ്പരാഗത കളിമൺപാത്ര നിർമ്മാണ തൊഴിലാളികൾ കളമൊഴിയുന്നു. കുലത്തൊഴിലിനെ മാത്രം ആശ്രയിച്ച് കഴിഞ്ഞ തൊഴിലാളികളാണ് മറ്റ് മേഖലയിലേക്ക് പിൻവാങ്ങുന്നത്. ഓട, കുലാല, കുശവ സമുദായത്തിൽപ്പെട്ട 67 ഓളം കുടുംബങ്ങളാണ് എരവത്തൂരിലുള്ളത്. ഇവരിൽ ഭൂരിഭാഗം പേരും ഏതാനും വർഷം മുമ്പുവരെ നിർമ്മാണം തുടർന്നിരുന്നു. 2008ൽ സർക്കാർ നടപ്പിലാക്കിയ നെൽവയൽ - തണ്ണീർത്തട സംരക്ഷണം നിയമം നിലവിൽ വന്നതോടെ പാടശേഖരങ്ങളിൽ നിന്നും കളിമണ്ണ് ശേഖരിക്കാൻ പറ്റാതെയായി. ഇതോടെ വ്യവസായത്തിന് കരിനിഴൽ വീണു. പരമ്പരാഗതമായി കൈമാറിയിരുന്ന തൊഴിലിനെ സംരക്ഷിക്കാനോ പുതിയ തലമുറകളിലേക്ക് കൈമാറാനോ ഇവർക്കാകുന്നില്ല.
കള്ള് ചെത്താൻ ഉപയോഗിക്കുന്ന കുലമാട്ടം, ചെടിച്ചട്ടികൾ, മൺകലം, പലതരം ചട്ടികൾ തുടങ്ങിയവയാണ് ഉണ്ടാക്കിയിരുന്നത്. കളിമണ്ണ് ചവിട്ടി പാകപ്പെടുത്തി പഴുപ്പിച്ചായിരുന്നു നിർമ്മാണം. ഖാദി ബോർഡിന്റെ ധനസഹായത്തോടെ സമുദായ അംഗങ്ങൾ ചേർന്നുണ്ടാക്കിയ സൊസൈറ്റിയുടെ കീഴിൽ ശ്രീ മുരുകാ ക്ലേ പ്രൊഡക്ട്‌സ് എന്ന യൂണിറ്റ് ആരംഭിച്ചിരുന്നു. മണ്ണിന് ക്ഷാമവും വിലയും കൂടിയപ്പോൾ അതും പൂട്ടി. തുടർന്ന് പാലിയേക്കരയിലെ പക്ക് മില്ലിൽ (മണ്ണ് അരച്ചെടുക്കുന്ന യന്ത്രം) അരച്ച കളിമൺ സ്ലാബ് വാങ്ങി വ്യവസായം പുനരാരംഭിച്ചെങ്കിലും പിടിച്ചു നിൽക്കാനായില്ല. 2018ലെ പ്രളയം കൂടി വന്നതോടെ ഭീമമായ നഷ്ടമായി. പ്രതിസന്ധികൾ മൂലം പാലക്കാട് നിന്നുമുള്ള ചട്ടിയും കാലങ്ങളും വാങ്ങിക്കൊണ്ടുവന്നാണ് വിൽപ്പനയെന്ന് 15 വയസ് മുതൽ കളിമൺപാത്ര നിർമ്മാണം നടത്തിയിരുന്ന ഐക്യനാട്ടുപറമ്പിൽ തമ്പി വേലായുധൻ (75) പറഞ്ഞു. മൺപാത്ര തൊഴിൽ നിലനിറുത്തുന്നതിനും പുതിയ തലമുറയിലേക്ക് കൈമാറുന്നതിനും കേരളത്തിൽ പരിശീലന കേന്ദ്രം വേണമെന്നാണ് ഇവരുടെയെല്ലാം ആവശ്യം.
എറണാകുളത്തെ പല ഫ്ലാറ്റുകളുടെയും ഫൗണ്ടേഷൻ എടുക്കുമ്പോൾ പുറത്തെടുക്കുന്ന കളിമണ്ണ് ഉപയോഗിച്ച് വ്യവസായം പുനരാരംഭിച്ചു. തുടർച്ചയായി മൂന്ന് ചൂളയിലെ മൺപാത്രം പൊട്ടിത്തെറിച്ചപ്പോൾ അഞ്ച് ലക്ഷത്തോളം രൂപ നഷ്ടമായി. ഇപ്പോൾ വ്യവസായം ഉപേക്ഷിച്ച് കെട്ടിട നിർമ്മാണ കോൺട്രാക്ടറാണ്.
- ടി.എസ്. സുരാജ് (കേരള മൺപാത്ര നിർമ്മാണ സമുദായ സഭ എരവത്തൂർ ശാഖാ സെക്രട്ടറി)
15 ലക്ഷത്തിന്റെ ചെടിച്ചട്ടികൾ കെട്ടിക്കിടക്കുകയാണ്. നേരത്തെ കൃഷിവകുപ്പാണ് വാങ്ങിയിരുന്നത്. ഒരു വർഷത്തോളമായി ചെടിച്ചട്ടികൾ വാങ്ങാൻ ആരുമെത്തുന്നില്ല. ഓട് കമ്പനിയുടെ ഒരു വശം പശു തൊഴുത്താക്കി. പരമ്പരാഗത വ്യവസായങ്ങളെ സർക്കാർ സംരക്ഷിക്കണം.
- കാർത്തികേയൻ
(പ്രതിഭാ ക്ലേ പ്രൊഡക്ട്‌സ് സ്ഥാപന ഉടമ)