college

ചാലക്കുടിയിലെ കോളേജിൽ പഠിച്ച ജോസ് മാഷ്, പോട്ടയിലെ തിരികെ 2022 ചടങ്ങിനെത്തിയ മുൻ എം.എൽ.എ ബി.ഡി. ദേവസിയോടൊപ്പം.

ചാലക്കുടി: ഒരിക്കലെങ്കിലും ഇവിടെ പഠിക്കാൻ കഴിയാത്തതിന്റെ ദുഖമായിരുന്നു പോട്ട പനമ്പിള്ളി കോളേജിൽ പൂർവവിദ്യാർത്ഥി സംഗമത്തിനെത്തിയ ജോസ് മാഷിന്റെ മനസിനെ അലട്ടിയത്. വർഷങ്ങൾക്ക് മുമ്പ് പ്രധാനാദ്ധ്യാപക പദവിയിൽ നിന്നും വിരമിച്ച ജോസ് മാഷും പനമ്പിള്ളി ഗവ. കോളേജിന്റെ സന്തതിതന്നെ. പക്ഷെ പോട്ടയിലെ കോളേജ് പഠനത്തിന് ഭാഗ്യമുണ്ടായില്ല. ചാലക്കുടി പുത്തുപറമ്പ് മൈതാനിയെ തൊട്ടുരുമ്മി നിൽക്കുന്ന ഗവ. ബി.ടി.എസിലായിരുന്നു സാക്ഷാൽ പനമ്പിള്ളി ഗോവിന്ദ മേനോന്റെ നാമധേയത്തിലുള്ള കോളേജിന്റെ പിറവി. 1976-78ലെ രണ്ടാം ബാച്ചിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരുന്നു അന്നാട്ടുകാരൻ മേലേടത്ത് ജോസ്. കാറ്റത്താടിയിരുന്ന പഴയ ഓടിട്ട ഹാളിൽ നിന്നും കോളേജിനെ പോട്ടയിലെ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ സമരം കൊടുമ്പിരിക്കൊണ്ടു. ഉടനെ അവിടേയ്ക്ക് മാറി പഠിക്കാമെന്നും മോഹിച്ചു. ഇതിനായി പലവട്ടം പോട്ടയിലേയ്ക്ക് സൈക്കിൾ ചവിട്ടി പരിശീലിച്ചിരുന്നു. പക്ഷെ ജോസ് പടിയിറങ്ങി എട്ടാണ്ടുകൾക്ക് ശേഷമായിരുന്നു കലാലയത്തിന്റെ പറിച്ചുനടൽ.
പതിനെട്ട് ഏക്കറിൽ ആധുനിക സൗകര്യങ്ങളോടെ പടർന്നു പന്തലിച്ച ഇന്നത്തെ കലാലയ അന്തരീക്ഷത്തെ സൃഷ്ടിക്കുന്നതിൽ അഹോരാത്രം പണിയെടുത്ത മുൻ എം.എൽ.എ ബി.ഡി. ദേവസിയെ കാമ്പസിൽ വച്ച് നിറഞ്ഞ മനസോടെ അദ്ദേഹം ആശ്ലേഷിക്കുകയും ചെയ്തു. വാർദ്ധക്യത്തോടടുക്കുന്ന വരും യുവാക്കളുമൊക്കെയായി നൂറുകണക്കിന് ആളുകൾ തിരികെ 2022 ചടങ്ങിനെത്തി. കാറ്റത്താടിയ ചാലക്കുടിയിലെ ഹാളിൽ നിന്നും കോളേജിനെ പോട്ടയിലെത്തിക്കുന്നതിന് കൊടിപിടിച്ച ഓർമ്മകൾ അയവിറക്കിയ അന്നത്തെ യൂണിയൻ ചെയർമാൻ എം.വി. ജോയിയും ഇവിടെയല്ല പഠിച്ചത്. ഉദ്ഘാടന ചടങ്ങ് നിർവഹിച്ച ഹൈക്കോടതി രജിസ്ട്രാർ കെ.വി. ജയകുമാർ മുപ്പതുവർഷം മുമ്പ് പി.എം.ജിയിൽ വിദ്യാർത്ഥിയായിരുന്നു. തന്നോടൊപ്പം വേദി പങ്കിട്ട അന്നത്തെ അദ്ധ്യാപകൻ പ്രൊഫ. കെ.ജി. ഡേവിസ് സാറിന്റെ പാഠ്യവൈഭവങ്ങൾ പ്രസംഗത്തിൽ അദ്ദേഹം ഓർത്തെടുത്തു. പൊലീസ് ഉദ്യോഗസ്ഥർ, അഭിഭാകഷകർ തുടങ്ങിയ നീണ്ടനിരയും ഇന്നും സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന കലാലയത്തിൽ പൂർവ വിദ്യാർത്ഥി സംഗമത്തിനെത്തി.