
തൃശൂർ: അവിവാഹിതയായ വയോധികയെ സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകി സ്വത്ത് എഴുതി വാങ്ങുകയും സംരക്ഷിക്കാതിരിക്കുകയും ചെയ്ത സംഭവത്തിൽ മെയിന്റനൻസ് ആൻഡ് ട്രൈബ്യൂണലിന്റെ ഇടപെടൽ. സ്വത്ത് ബന്ധുകളിൽ നിന്ന് തിരിച്ച് നൽകാൻ ഉത്തരവ്.
വയോധികയുടെ 10 സെന്റ് സ്ഥലവും വീടും നോക്കി സംരക്ഷിക്കാം എന്ന വാഗ്ദാന ഉറപ്പിന്മേൽ 2017 ഇഷ്ടദാനമായി സഹോദരി പുത്രൻ എഴുതിവാങ്ങുകയായിരുന്നു. മെയിന്റനൻസ് ട്രൈബ്യൂണൽ തൃശൂർ സബ് ഡിവിഷന്റെയും ജില്ലാ സാമൂഹിക നീതി വകുപ്പിന്റെയും നേതൃത്വത്തിൽ അയ്യന്തോൾ വനിതാ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള അദാലത്തിലാണ് മെയിന്റനൻസ് ട്രൈബ്യൂണലിന്റെ ഉത്തരവ്.
സംരക്ഷിക്കാം എന്ന വാഗ്ദാനം നൽകി സഹോദരിയുടെ മകൻ ആകെയുണ്ടായിരുന്ന വീടും സ്ഥലവും കൈക്കലാക്കിയതിന് ശേഷം സംരക്ഷിക്കുന്നില്ലെന്ന് കാട്ടി ട്രൈബൂണലിൽ സെപ്തംബറിലാണ് പരാതി നൽകിയത്. അദാലത്തിൽ ഇരുകൂട്ടരെയും നേരിട്ട് കേൾക്കുകയും വയോധികയുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറല്ല എന്ന് ട്രൈബ്യൂണലിനെ അറിയിക്കുകയും ചെയ്ത സാഹചര്യത്തിൽ സംരക്ഷണ വ്യവസ്ഥ ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽ തൃശൂർ മെയിന്റനൻസ് ട്രൈബ്യൂണൽ പ്രിസൈഡിംഗ് ഓഫീസർ കൂടെയായ സബ് കളക്ടർ മുഹമ്മദ് ഷഫീക്ക് ആധാരം റദ്ദ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. അമ്പതോളം കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്. 42 ഓളം കേസുകളിൽ സംരക്ഷണ ചെലവ് നൽകുന്നതിനും തീർപ്പ് കൽപ്പിച്ചു.