ona-kali
വനിതാ സംഘം സംഘടിപ്പിച്ച മെഗാ ഓണക്കളി മത്സരത്തിൽ വിജയിച്ചവർക്ക് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമ്മാനം നൽകുന്നു.

കൊടുങ്ങല്ലൂർ: വനിതാസംഘത്തെയും യൂത്ത് മൂവ് മെന്റിനെയും കൂടുതൽ കർമ്മനിരതരാക്കി കൊടുങ്ങല്ലൂർ യൂണിയൻ പ്രവർത്തനത്തെ ഊർജ്ജസ്വലമാക്കാൻ യോഗം പ്രതിനിധി അഡ്മിനിസ്ട്രേറ്റർ ഹരിവിജയന് പിന്തുണ നൽകണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മെഗാ ഓണക്കളി മത്സരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. ഓണക്കളി മത്സരത്തിൽ ഒന്നാം സമ്മാനം 5,001 രൂപയും ട്രോഫിയും പാലിയംതുരുത്ത് ശാഖ ടീമും, രണ്ടാം സമ്മാനം 3001 രൂപയും ട്രോഫിയും കൊട്ടിക്കൽ ശാഖ ടീമും, മൂന്നാം സമ്മാനം 2001 രൂപയും ട്രോഫിയും എൽത്തുരുത്ത് ശാഖ ടീമും നേടി. പൊയ്യ ശാഖ ടീമും, തിരുവഞ്ചിക്കുളം ശാഖ ടീമും പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.

വിവിധ ശാഖകളിൽ നിന്ന് 17 ടീമുകൾ മത്സരത്തിനുണ്ടായിരുന്നു. രാവിലെ നടന്ന മത്സരം കേന്ദ്രവനിതാ സംഘം വൈസ് പ്രസിഡന്റ് ഇ.എസ് ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ഹരി വിജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ബേബി റാം, വനിതാ സംഘം നേതാക്കളായ ജോളി ഡിൽഷൻ, ഗീത സത്യൻ, ഹണിപീതാംബരൻ, ഷീജ അജിതൻ, ഷിയ വിക്രമാദിത്യൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ ദിനിൽ മാധവ് തുടങ്ങിയവർ സംസാരിച്ചു.

വി.ഡി സഭ പുരുഷന്മാരുടെ കൂട്ടായ്മയുടെ പ്രദർശന ഓണക്കളിയും നടന്നു. കൊടുങ്ങല്ലൂർ കർണ്ണകി ഫ്‌ളവേഴ്‌സ് ഗിരീഷ്, പണിക്കശ്ശേരി അനിൽ, എം.കെ തിലകൻ എന്നിവരാണ് സമ്മാനത്തുകയും പ്രോത്സാഹന സമ്മാനങ്ങളും സ്‌പോൺസർ ചെയ്തത്.