നാലു വയസുകാരിക്ക് നായയുടെ കടിയേറ്റു
കടിച്ച നായ ചത്ത നിലയിൽ
ചേർപ്പ്: പാറളം പഞ്ചായത്തിലെ കോടന്നൂരിൽ നാലു വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു. കോടന്നൂർ കോറ്റാട്ടിൽ നിധീഷിന്റെ മകൾ നന്മയ്ക്കാണ് നായയുടെ കടിയേറ്റത്. ശനിയാഴ്ച വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് നന്മയെ നായ ആക്രമിച്ചത്. കടിച്ച നായ പിന്നീട് ചത്തു. നായക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നു. പഞ്ചായത്ത് അംഗം ലിജീവ് പയ്യപ്പാട്ടിന്റെ നേതൃത്വത്തിൽ നായയെ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. രണ്ടാഴ്ച മുമ്പ് കോടന്നൂരിലെ ചിറയത്ത് ജോജുവിന്റെയും തോപ്പിൽ ഭഗവത് സിംഗിന്റെയും പശുക്കളെ തെരുവ് നായ്ക്കൾ കടിച്ചിരുന്നു. ഇതിൽ ഒരു പശുവിനെ കഴിഞ്ഞ ദിവസം ചത്തിരുന്നു. എ.ബി.സി അനിമൽ കൺട്രോൾ ബോർഡ് പദ്ധതിയടക്കം മന്ദഗതിയിലായതോടെ പ്രദേശത്ത് നായകൾ പെരുകുകയാണ്. ഇരുചക്ര യാത്രക്കാർ തെരുവ് നായ്ക്കൾ വട്ടം ചാടി അപകടത്തിൽപ്പെടുന്നത് പതിവാണ്. വഴിയോരങ്ങളിൽ ഭക്ഷണ മാലിന്യങ്ങൾ തള്ളുന്നത് ഭക്ഷിക്കാനെത്തുന്ന നായ്ക്കൾ പിന്നീട് അവിടം അവരുടെ വാസകേന്ദ്രമാക്കുകയാണ്. വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്ക് ഇവരുടെ വിലസൽ മൂലം ചില്ലറ ദുരിതമല്ല അനുഭവിക്കേണ്ടിവരുന്നത്. പരിശീലനം നേടിയ നായ പിടിത്തക്കാരെ കൊണ്ടുവന്ന് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തെരുവ് നായ ശല്യത്തെ തുടർന്ന് നിരവധി പരാതികൾ ഉണ്ടായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നിലെന്നും ആരോപണമുണ്ട്.