alko-scan-van
കൊടുങ്ങല്ലൂരിൽ പൊലീസ് പരിശോധനക്ക് നിരത്തിലെത്തിച്ച ആൽകോ സ്‌കാൻ വാൻ.

ആൽകോ സ്‌കാൻ വാൻ സജ്ജം

കൊടുങ്ങല്ലൂർ: മദ്യവും മയക്കുമരുന്നും ഉപയോഗിച്ച ശേഷം വാഹനങ്ങൾ അപകടകരമാവിധം ഓടിക്കുന്നവരെയും ലഹരിക്ക് അടിമപ്പെട്ടവരെയും കണ്ടെത്തുന്നതിനുള്ള ആൽകോ സ്‌കാൻ വാൻ പൊലീസ് കൊടുങ്ങല്ലൂരിൽ നിരത്തിലറക്കി. എല്ലാ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയ വാഹനത്തിന്റെ ജില്ലയിലെ ആദ്യ നിരീക്ഷണമായിരുന്നു ഞായറാഴ്ച കൊടുങ്ങല്ലൂരിൽ നടന്നത്. ഈ മാസം 19 വരെ വാഹനം ജില്ലയിലുണ്ടായിരിക്കും. ആദ്യ പരിശോധനയിൽ പുല്ലൂറ്റ് കോഴിക്കട സ്വദേശിയായ ബൈക്ക് യാത്രക്കാരൻ പിടിയിലായി. ആൽകോ സ്‌കാൻ വാനിനെ സ്വീകരിച്ച ചടങ്ങിൽ കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ ഇ.ആർ. ബൈജു, വിവിധ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വാഹനത്തിന്റെ പ്രവർത്തനം ഇങ്ങനെ

കഞ്ചാവ് ഉൾപ്പെടെ മയക്കുമരുന്നിന്റെ ഒരു തരിയെങ്കിലും നുണഞ്ഞിട്ടുണ്ടെങ്കിൽ കണ്ടെത്താനാവുന്ന ആധുനിക രീതിയിലുള്ള അബേൺ കിറ്റുകളും വാനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മദ്യപിച്ചവരെ ബ്രെത്ത് അനലൈസറിൽ ഊതിച്ചോ മണത്തോ പിടികൂടാം. മയക്കുമരുന്ന് ഉപയോഗിച്ചവരെ കുടുക്കാൻ ഉമിനീർ ടെസ്റ്റ് നടത്തുന്ന സംവിധാനവും വാനിൽ സജ്ജമാക്കിയിട്ടുണ്ട്. ഉമിനീരിന്റെ നനവ് പറ്റുന്ന സ്‌പോഞ്ചിന്റെ നിറവ്യത്യാസം നോക്കിയാണ് എളുപ്പത്തിൽ ഇത്തരക്കാരെ തിരിച്ചറിയുന്നത്.